എറണാകുളം: നടന്‍ മോഹന്‍ലാലിന്‍റെ മൊഴിയെടുത്ത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ. ഇന്ന് രാവിലെ 11 മണിയോടെ കൊച്ചി കുണ്ടന്നൂരിലുള്ള ഫ്ലാറ്റിലെത്തിയാണ് സംഘം മോഹൻലാലിന്‍റെ മൊഴിയെടുത്തത്. സിനിമ മേഖലയിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനകളുടെ തുടർച്ചയായാണ് നടപടിയെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.
നിർമാതാവ് ആന്‍റണി പെരുമ്പാവൂരുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഉദ്യോഗസ്ഥർ വ്യക്തത തേടിയത്. ആന്‍റണി പെരുമ്പാവൂരിന്‍റെ നിർമാണ കമ്പനിയിൽ നിന്നുള്ള ലാഭവിഹിതം മോഹൻലാലിന് ലഭിച്ചിരുന്നതായാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. മോഹൻലാൽ അടയ്‌ക്കേണ്ട ആദായ നികുതി സംബന്ധിച്ച് ഉദ്യോഗസ്ഥർ നിർദേശം നൽകിയതായാണ് വിവരം. കഴിഞ്ഞ ഡിസംബർ 15 ന് മലയാള സിനിമ നിർമാതാക്കളുടെ വീടുകളിലും ഓഫിസുകളിലും ഇൻകം ടാക്സ് വിഭാഗത്തിന്‍റെ റെയ്‌ഡ് നടന്നിരുന്നു. നിർമാതാക്കളായ ആന്‍റണി പെരുമ്പാവൂർ, ആന്‍റോ ജോസഫ്, ലിസ്‌റ്റിൻ സ്‌റ്റീഫൻ, നടനും നിർമാതാവുമായ പൃഥ്വിരാജ് എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്.
വിവിധ സംഘങ്ങളായി തിരിഞ്ഞ് ഒരേ സമയമായിരുന്നു പരിശോധന. ആന്‍റണി പെരുമ്പാവൂരിന്‍റെ പട്ടാലിലെ വീട്ടിലും ബാക്കിയുള്ളവരുടെ കൊച്ചിയിലെ വീടുകളിലുമാണ് റെയ്‌ഡ് നടന്നത്. വിവിധ ഡിജിറ്റൽ രേഖകളും, പണമിടപാട് രേഖകളും മറ്റും അന്ന് സംഘം പരിശോധിക്കുകയും ശേഖരിക്കുകയും ചെയ്‌തിരുന്നു. മോഹൻലാൽ സ്ഥലത്തില്ലാത്തതിനെ തുടർന്ന് അന്ന് മൊഴിയെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് നേരിട്ടെത്തി മൊഴിയെടുത്തത്. ഇതിന് മുമ്പ് 2011 ൽ മോഹൻലാലിന്‍റെയും മമ്മൂട്ടിയുടെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഒരു പതിറ്റാണ്ടിന് ശേഷമാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ സമാനമായ പരിശോധന തുടങ്ങിയത്.