എറണാകുളം : അട്ടപ്പാടി മധു വധക്കേസ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ പി സതീശൻ രാജിവച്ചു. ഇക്കാര്യം അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് രാജി (Madhu Murder Case). കെ പി സതീശനെ നിയമിച്ചതിനെതിരെ നേരത്തെ മധുവിന്‍റെ അമ്മ മല്ലിയമ്മ ചീഫ് ജസ്‌റ്റിസിനെ സമീപിച്ചിരുന്നു (Special Public Prosecutor KP Satheesan Has Resigned).
സർക്കാർ ഏകപക്ഷീയമായാണ് കെ പി സതീശനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചതെന്നും മറ്റൊരു അഭിഭാഷകനെ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാർ വിജ്ഞാപനം ഇറക്കിയതെന്നും കുടുംബം ആരോപിച്ചിരുന്നു.
എന്നാൽ അപ്പീലുകളിന്മേലുള്ള വാദം വൈകിപ്പിക്കാനാണ് പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം കുടുംബം ഉന്നയിക്കുന്നതെന്നായിരുന്നു പ്രതികൾ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. അതേസമയം കേസില്‍ അഡ്വ. ജീവേഷ്, അഡ്വ. രാജേഷ് എം മേനോന്‍, അഡ്വ. സികെ രാധാകൃഷ്‌ണന്‍ എന്നിവരെ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായി നിയമിക്കണമെന്നായിരുന്നു മധുവിന്‍റെ കുടുംബവും സമരസമിതിയും ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ മികച്ച അഭിഭാഷകനെയാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചതെന്ന് സർക്കാർ കോടതിയെ ബോധിപ്പിച്ചിരുന്നു. അതേസമയം വാദം ആരംഭിക്കുന്നതിൽ കക്ഷികളും എതിർപ്പറിയിച്ചതിനെ തുടർന്ന് ഹർജി പരിഗണിക്കുന്നത് കോടതി ഒക്ടോബർ 6 ലേക്ക് മാറ്റിയിട്ടുണ്ട്.
കേസിന്‍റെ നാൾവഴി : 2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ട ആക്രമണത്തിൽ അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്‍റെയും മല്ലിയുടെയും മകൻ മധു എന്ന 30കാരൻ കൊല്ലപ്പെട്ടത്. മധുവിനെ കള്ളനെന്ന് ആരോപിച്ചായിരുന്നു ആൾക്കൂട്ടം പിടികൂടി അട്ടപ്പാടിയിലെ മുക്കാലിയിൽ എത്തിച്ച് മർദിച്ചത്.
പിന്നീട് പൊലീസ് എത്തി മധുവിനെ കസ്‌റ്റഡിയിലെടുത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുമ്പോഴേക്കും മരിച്ചിരുന്നു. മധു കൊല്ലപ്പെട്ടത് പ്രതികളുടെ ആക്രമണത്തിലേറ്റ പരിക്ക് മൂലമാണെന്നാണ് പ്രോസിക്യൂഷൻ കേസ്. ആകെ 103 സാക്ഷികളെ വിസ്‌തരിച്ച കേസിൽ 24 പേർ കൂറുമാറിയിരുന്നു.
മധു കൊല്ലപ്പെട്ട് അഞ്ച് വർഷത്തിന് ശേഷം ഏപ്രില്‍ അഞ്ചിനാണ് പ്രതികളെ ശിക്ഷിച്ചുകൊണ്ട് കോടതി വിധി വന്നത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 13 പേർക്ക് ഏഴുവർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയുമാണ് മണ്ണാർക്കാട്ടെ എസ്‌സിഎസ്‌ടി പ്രത്യേക കോടതി ജഡ്‌ജി കെ എം രതീഷ് കുമാർ വിധിച്ചത്.
ഒന്നാം പ്രതിയായ മേച്ചേരിയില്‍ ഹുസൈന് ഏഴ് വര്‍ഷം കഠിന തടവും 1,0500 രൂപ പിഴയുമാണ് കോടതി വിധിച്ചത്. അതേസമയം 16-ാം പ്രതി മുനീറിന് മൂന്ന് മാസം തടവും 500 രൂപ പിഴയുമായിരുന്നു ശിക്ഷ. മുനീര്‍ റിമാന്‍ഡ് കാലയളവില്‍ ജയില്‍ ശിക്ഷ അനുഭവിച്ചതിനാല്‍ ഇനി തടവ് വേണ്ടതില്ലെന്ന് കോടതി വിധിച്ചിരുന്നു.
ഏപ്രില്‍ നാലിന് കേസിലെ 4,11 പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി മോചിപ്പിച്ചു. പ്രതികളെ തമ്പാനൂര്‍ ജയിലിലേയ്‌ക്കായിരുന്നു മാറ്റിയത്. കേസില്‍ കൂറുമാറിയവര്‍ക്ക് എതിരെ ഇവര്‍ നേടിയ സ്‌റ്റേ നീങ്ങുന്നത് അനുസരിച്ച് നടപടിയെടുക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.