കൊച്ചി : അട്ടപ്പാടി മധു വധക്കേസില്‍ പ്രോസിക്യൂട്ടറെ മാറ്റാൻ ആവശ്യപ്പെടുന്നത് അപ്പീലുകളിന്മേലുള്ള വാദം വൈകിപ്പിക്കാനെന്ന് പ്രതിഭാഗം ഹൈക്കോടതിയിൽ (Madhu Murder Case- Accused Says Request To Change SPC is To Delay Appeal). കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി മുതിർന്ന അഭിഭാഷകൻ ഡോ. കെ പി സതീശനെ (Adv K P Satheeshan) സർക്കാർ നിയമിച്ചതിനെതിരെ മധുവിന്‍റെ അമ്മ ചീഫ് ജസ്റ്റിസിനെ സമീപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗത്തിന്‍റെ ആരോപണം.
എന്നാല്‍ കേസ് അട്ടിമറിക്കുന്നതിന്‍റെ ഭാഗമായാണ് സർക്കാർ ഏകപക്ഷീയമായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ (Special Public Prosecutor) നിയമിച്ചതെന്നാണ് മധുവിന്‍റെ കുടുംബത്തിന്‍റെ ആരോപണം. കേസില്‍ അഡ്വ. ജീവേഷ്, അഡ്വ. രാജേഷ് എം മേനോന്‍, അഡ്വ. സികെ രാധാകൃഷ്‌ണന്‍ എന്നിവരെ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായി നിയമിക്കണമെന്നായിരുന്നു മധുവിന്‍റെ കുടുംബവും സമരസമിതിയും ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം ഉന്നയിച്ച് മധുവിന്‍റെ മാതാവ് നല്‍കിയ റിട്ട് ഹര്‍ജി ഹൈക്കോടതിയില്‍ (High Court of Kerala) നടന്നുകൊണ്ടിരിക്കെ ആയിരുന്നു സര്‍ക്കാര്‍ കെ പി സതീശനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയതെന്നും ആരോപണമുണ്ട്.
അതേസമയം കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി കെ പി സതീശനെ നിയമിച്ച കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മികച്ച അഭിഭാഷകനെയാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചതെന്ന് സർക്കാർ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ കെ പി സതീശൻ ഇന്ന് ഹാജരായിരുന്നില്ല. സുപ്രീം കോടതിയിൽ കേസുള്ളതിനാൽ ഹാജരാകില്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. അതേസമയം വാദം ആരംഭിക്കുന്നതിൽ കക്ഷികളും എതിർപ്പറിയിച്ചതിനെ തുടർന്ന് ഹർജി പരിഗണിക്കുന്നത് കോടതി ഒക്ടോബർ 6 ലേക്ക് മാറ്റി.
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്‍റെയും മല്ലിയുടെയും മകൻ മധു എന്ന 30കാരൻ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മധുവിനെ കള്ളനെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം പിടികൂടി അട്ടപ്പാടിയിലെ മുക്കാലിയിൽ എത്തിച്ച് മർദിച്ചത്. തുടർന്ന് പൊലീസ് എത്തി മധുവിനെ കസ്റ്റഡിയിലെടുത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുമ്പോഴേക്കും മരിച്ചിരുന്നു. പ്രതികളുടെ ആക്രമണത്തിലേറ്റ പരിക്ക് മൂലമാണ് മധു കൊല്ലപ്പെട്ടത് എന്നാണ് പ്രോസിക്യൂഷൻ കേസ്. ആകെ 103 സാക്ഷികളെ വിസ്തരിച്ച കേസിൽ 24 പേർ കൂറ് മാറിയിരുന്നു.
മധു കൊല്ലപ്പെട്ട് അഞ്ച് വർഷത്തിന് ശേഷം ഏപ്രില്‍ അഞ്ചിനാണ് പ്രതികളെ ശിക്ഷിച്ചുകൊണ്ട് വിധി വന്നത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 13 പേർക്കും ഏഴുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമാണ് മണ്ണാർക്കാട്ടെ എസ് സി എസ് ടി പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. പ്രതികളുടെ പിഴത്തുകയിൽനിന്ന് പകുതി മധുവിന്‍റെ അമ്മയ്ക്ക് നൽകാനും കോടതി നിർദേശിച്ചിരുന്നു. ആൾക്കൂട്ട മർദനം കേരളത്തിൽ അവസാനത്തേതാവട്ടെയെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.