കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ തുടർച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ് വിട്ടയച്ചു. ചൊവ്വാഴ്ച വീണ്ടും ഹാജരാകാനുള്ള നിർദ്ദേശം നൽകിയാണ് വിട്ടയച്ചതെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ചയും പതിനൊന്ന് മണിക്കൂറാണ് എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യലിന് വിധേയമാക്കിയത്.
ശിവശങ്കറിൽ നിന്ന് കൂടുതൽ കാര്യങ്ങളിൽ ചോദിച്ച് അറിയാനുണ്ടെന്നാണ് കസ്റ്റംസ് നിലപാട്. ഇന്ന് രാവിലെ പത്തരയോടെ കസ്റ്റംസ് ഒഫീസിൽ ഹാജരായ അദ്ദേഹം രാത്രി പത്തരയോടെയാണ് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം ഓഫീസിൽ നിന്നും മടങ്ങിയത്. സ്വർണക്കടത്തിന് പുറമെ ഈന്തപ്പഴം ഇറക്കുമതിയിലെ ചട്ടലംഘനം ഉൾപ്പടെയുള്ള കാര്യങ്ങളിലാണ് മാരത്തോൺ ചോദ്യം ചെയ്യൽ നടന്നത്.
ഇതോടെ കസ്റ്റംസ് മുപ്പത്തിയൊന്ന് മണിക്കൂറാണ് എം.ശിവശങ്കറിനെ ഇതു വരെ ചോദ്യം ചെയ്ത്. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ജയിലെത്തി കസ്റ്റംസ് ചോദ്യം ചെയ്തു. ശിവശങ്കറിന്‍റെ മൊഴികളിൽ കൂടുതൽ വ്യക്തത തേടിയായിരുന്നു ഈചോദ്യം ചെയ്യൽ. സ്വപ്ന സുരേഷിനെ കാക്കനാട് ജില്ലാ ജയിലിലും, സന്ദീപിനെ തൃശൂർ വിയ്യൂർ അതിസുരക്ഷാ ജയിലിലുമാണ് ചോദ്യം ചെയ്തത്. നേരത്തെ എൻഐഎ മൂന്നാം വട്ടം ശിവശങ്കറിനെ ചോദ്യം ചെയ്തപ്പോൾ ഒരേ സമയം സ്വപ്ന സുരേഷിനേയും ചോദ്യം ചെയ്തിരുന്നു.
നയതന്ത്ര ചാനൽ വഴി നികുതിയടക്കാതെ പതിനേഴായിരം കിലോ ഈന്തപ്പഴം എത്തിച്ചതിലുള്ള പ്രതികളുടെ പങ്കാളിത്തവും, ഇതിന് ശിവശങ്കർ നടത്തിയ ഇടപെടലുകളും, ഒപ്പം ശിവശങ്കർ സ്വപ്നയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമായിരുന്നു ഡിജിറ്റൽ തെളിവുകളുടെ കൂടി അടിസ്ഥാനത്തിൽ ചോദിച്ചറിഞ്ഞത്. സ്വപ്ന വിദേശത്തേക്ക് പണം കടത്തിയെന്ന കണ്ടെത്തലിന്‍റെ വിശദാംശങ്ങളും കസ്റ്റംസ് ശേഖരിച്ചു. ലൈഫ്മിഷൻ ഇടപാടിലെ കമ്മീഷൻ തുകയാണ് സ്വപ്ന സുരേഷ് കടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.