എറണാകുളം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ജയിൽ മോചിതനായി. ഡോളർ കടത്ത് കേസിൽ കൂടി ജാമ്യം ലഭിച്ചതോടെയാണ് 98 ദിവസം നീണ്ട ജയിൽവാസം അവസാനിച്ചത്. ഇന്ന് രാവിലെ 11:20 ഓടെയാണ് ഡോളർ കടത്ത് കേസിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന കൊച്ചിയിലെ എസിജെഎം കോടതി ജാമ്യം അനുവദിച്ചത്. ജാമ്യ ഉത്തരവ് ജയിലിലെത്തിച്ച് ഉച്ചക്ക് 02.55 ഓടെയാണ് കാക്കനാട് ജില്ലാ ജയിലിൽ നിന്നും ശിവശങ്കർ പുറത്തിറങ്ങിയത്.
ജയിലിൽ വായിച്ച പുസ്തകങ്ങളുടെ കെട്ടുമായി പുറത്തിറങ്ങിയ ശിവശങ്കർ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ബന്ധുവിന്‍റെ കാറിൽ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചു. ഡോളർ കടത്തെന്ന ഗൗരവമായ കേസിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ആരോപണ വിധേയനായത് ഗൗരവകരമാണെന്ന് എസിജെഎം കോടതി വ്യക്തമാക്കി.
അതേസമയം ഡോളർ കടത്ത് കേസിൽ ശിവശങ്കറിന് പരിമിതമായ പങ്ക് മാത്രമാണുള്ളതെന്ന് കോടതി നിരീക്ഷിച്ചു. ഇത് സംബന്ധിച്ച് അന്വേഷണം പൂർത്തിയായതാണ്. അന്വേഷണ ഉദ്യോഗസ്ഥൻ കസ്റ്റഡി ആവശ്യപ്പെടുന്നില്ല. അതിനാൽ ഇനി ജുഡീഷ്യൽ കസ്റ്റഡി തുടരേണ്ടതില്ല. ഇഡി കേസിൽ ഹൈക്കോടതി ജാമ്യം അനുവദിക്കവെ ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ചിരുന്നു. തെളിവ് നശിപ്പിക്കാനോ ഒളിവിൽ പോകാനോ സാധ്യത കുറവാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ഉപാധികളോടെ ജാമ്യം അനുവദിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
ഡോളർ കടത്ത് കേസിൽ എം.ശിവശങ്കർ നലാം പ്രതിയാണ്. അതേസമയം നേരത്തെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ എം ശിവശങ്കറിന് എസിജെഎം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് രജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതിയും ജാമ്യം അനുവദിച്ചിരുന്നു. മൂന്ന് കേസിലും ജാമ്യം ലഭിച്ചതോടെയാണ് എം ശിവശങ്കർ ജയിൽ മോചിതനായത്.