എറണാകുളം: എൺപത് കോടിയോളം വിലവരുന്ന ലോകത്തെ ആഡംബര യാത്ര ഹെലികോപ്റ്ററായ എച്ച് 145 എയർബസ് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി സ്വന്തമാക്കി. സാങ്കേതിക മികവിലും സുരക്ഷയിലും മുന്നിട്ട് നിൽക്കുന്ന ഈ ഹെലികോപ്‌റ്റര്‍ ജര്‍മനിയിലെ എയര്‍ബസ് കമ്പനിയാണ് നിർമിച്ചത്. ഇതുവരെ 1500 എണ്ണം മാത്രമാണ് ഈ ഹെലികോപ്റ്റർ കമ്പനി പുറത്തിറക്കിയത്.
ഒരേ സമയം രണ്ട് ക്യാപ്റ്റന്മാര്‍ക്ക് പുറമെ ഏഴ് യാത്രക്കാര്‍ക്ക് സഞ്ചരിയ്ക്കാന്‍ കഴിയുന്നതാണ് കോപ്റ്റർ. 785 കിലോവാട്ട് കരുത്ത് നല്‍കുന്ന രണ്ട് സഫ്രാന്‍ എച്ച് ഇ എരിയല്‍ 2 സി 2 ടര്‍ബോ ഷാഫ്റ്റ് എഞ്ചിനാണ് ഇതിന്‍റേത്. മണിക്കൂറില്‍ ഏകദേശം 246 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാൻ ശേഷിയുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 20000 അടി ഉയരത്തില്‍ വരെ പറക്കാന്‍ കഴിയുമെന്ന പ്രത്യേകതയുണ്ട്.
രണ്ട് ദിവസം മുമ്പ് ഹെലികോപ്റ്റർ കൊച്ചിയിലെത്തി : ഹെലികോപ്റ്ററില്‍ ലുലു ഗ്രൂപ്പ് ലോഗോയും യൂസഫലിയുടെ പേരിന്റെ തുടക്കമായ വൈ എന്ന അക്ഷരവും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രില്‍ 11 ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ എഞ്ചിൻ തകരാറിനെ തുടർന്ന് കൊച്ചിയില്‍ ചതുപ്പില്‍ ഇടിച്ചിറക്കിയിരുന്നു. രണ്ട് പൈലറ്റുമാർക്ക് പുറമെ എം.എ.യൂസഫലിയും ഭാര്യയും അടക്കം നാല് യാത്രക്കാരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്.
ഇറ്റാലിയന്‍ നിര്‍മിത കമ്പനി അഗസ്റ്റാ വെസ്റ്റ്ലാന്റിന്റെ ഹെലികോപ്റ്ററായിരുന്നു അന്ന് അപകടത്തിൽപ്പെട്ടത്. ഇതേ തുടർന്നാണ് പുതിയ ഹെലികോപ്റ്റർ അദ്ദേഹം വാങ്ങിയത്. രണ്ട് ദിവസം മുമ്പാണ് ഹെലികോപ്റ്റർ കൊച്ചിയിലെത്തിച്ചത്.