എറണാകുളം: എറണാകുളം ജില്ലയിൽ 24 വരെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ശക്തമായി തുടരും. തുടർന്ന് ഇളവുകൾ നിലവിൽ വന്നാലും കൊച്ചി കോർപ്പറേഷൻ പരിധിയിലും മുളവുകാട് പഞ്ചായത്ത് പരിധിയിലും നിയന്ത്രണങ്ങൾ തുടരും . ഈ മേഖലകൾ ഹോട്ട് സ്പോട്ടാണ്. കൊച്ചി കോർപ്പറേഷനിലെ ചുള്ളിക്കൽ ഭാഗം പൂർണ്ണമായും ഐസൊലേറ്റ് ചെയ്യും. ഹോട്ട് സ്‌പോട്ടുകളിലേക്ക് ആവശ്യ സേവനങ്ങൾ ഒഴികെയുള്ള യാത്ര അനുവദിക്കില്ല. ബാരിക്കേഡുകളും പൊലീസ് ചെക്ക്പോസ്റ്റുകളും സ്ഥാപിക്കും. ഇരുചക്ര വാഹനങ്ങളില്‍ ലോക്ക് ഡൗണിനു ശേഷവും കുടുംബാംഗങ്ങൾ മാത്രമെ ഒന്നിച്ച് യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളൂ.
പുറത്തിറങ്ങുന്നവര്‍ മുഖാവരണം നിര്‍ബന്ധമായും ധരിക്കണം. തൂവാലകളോ വീടുകളില്‍ നിര്‍മിച്ച മാസ്‌കുകളോ ഡിസ്‌പോസിബിള്‍ മാസ്‌കുകളോ ഉപയോഗിക്കാം. അല്ലാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. അവലോകന യോഗത്തിൽ മന്ത്രി വി.എസ്.സുനിൽകുമാർ ജില്ലകലക്ടർ എസ് .സുഹാസ് , എസ്പി ,കെ. കാർത്തിക് , ഡിഎംഒ എൻ.കെ.കുട്ടപ്പൻ എന്നിവർ പങ്കെടുത്തു.
ജില്ലയിൽ ഇന്ന് വീടുകളിൽ നാല് പേരെയാണ് നിരീക്ഷണത്തിലാക്കിയത് .നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടർന്ന് 41 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 173 ആയി.
ഇന്ന് പുതുതായി മൂന്ന് പേരെയാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. ഇതിൽ ഒരാൾ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും രണ്ട് പേർ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. നിലവിൽ 13 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നത്. ഇതിൽ രണ്ട് പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.