എറണാകുളം: പഴയ ആലുവ- മൂന്നാർ റോഡിന്‍റെ ഭാഗമായ തട്ടേക്കാട്- കുട്ടമ്പുഴ റോഡിന്‍റെ അശാസ്‌ത്രീയമായ നിർമാണത്തിൽ എതിർപ്പുമായി പ്രദേശവാസികൾ രംഗത്ത്. 20 കോടി 36 ലക്ഷം രൂപ മുടക്കി പണിയുന്ന ഏഴ് കിലോമീറ്റർ റോഡിന്‍റെ കൊടും വളവുകൾ നിവർത്താതെയും, അശാസ്‌ത്രീയമായ അലൈൻമെന്‍റും കാരണം പണിപൂർത്തിയായാൽ ധാരാളം മനുഷ്യജീവനുകൾ വഴിയിൽ പൊലിയുമെന്ന് നാട്ടുകാർ പറയുന്നു.
സ്ഥലം വിട്ടുകൊടുക്കാൻ ഉടമസ്ഥൻ തയ്യാറാണെന്നിരിക്കെ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നും യാതൊരു ഇടപെടലും ഉണ്ടാകുന്നില്ലന്നും നാട്ടുകാർ പറയുന്നു. വീതിക്കുറവ് മൂലം പുറംമ്പോക്കുകൾ ഒഴിപ്പിച്ച് ഒൻപത് മീറ്റർ വീതിയിൽ റോഡിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്ന് വരികയാണ്. എന്നാൽ ചിലയിടങ്ങളിൽ സ്ഥലം കയ്യേറിയവരെ ഒഴിപ്പിക്കാതെ റോഡിന് വീതി കുറക്കുന്നതായും നാട്ടുകാർ പറയുന്നു. ഇതിന് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധ പരിപാടികൾ സഘടിപ്പിക്കാൻ ഒരുങ്ങുകയാണ്.
തെരഞ്ഞെടുപ്പ് വരുന്നതിന് മുൻപ് തന്നെ റോഡിന്‍റെ പരമാവധി ദൂരം മെറ്റൽ വിരിക്കാനുള്ള ശ്രമത്തിലാണ് അധികാരികൾ. അതു കൊണ്ട് തന്നെ കയ്യേറ്റം പൂർണ്ണമായും ഒഴിവാക്കാതെയാണ് പണികൾ പുരോഗമിക്കുന്നത്. എന്നാൽ ഇതിന് എതിരെ നാട്ടുകാർ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്.