എറണാകുളം : ചോറ്റാനിക്കരയിൽ സിൽവർലൈൻ സർവേ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരെ വീണ്ടും പ്രതിഷേധം. നെൽവയലിൽ സ്ഥാപിച്ച സർവേ കല്ലുകള്‍ കോൺഗ്രസ് പ്രവർത്തകർ പിഴുത് തോട്ടിലെറിഞ്ഞു. കഴിഞ്ഞ ശനിയാഴ്‌ചയും ഇവിടെ സ്ഥാപിച്ച സർവേ കല്ലുകൾ കോൺഗ്രസ് പ്രവർത്തകർ പിഴുത് തോട്ടിലെറിഞ്ഞിരുന്നു.
സർവേ ഉപകരണങ്ങൾ ഉദ്യോഗസ്ഥരിൽ നിന്നും പിടിച്ചുവാങ്ങാനുള്ള ശ്രമം പൊലീസ് തടഞ്ഞു. സമരക്കാരും പൊലീസും തമ്മിൽ പല വട്ടം ബലപ്രയോഗം നടന്നെങ്കിലും പൊലീസ് സംയമനം പാലിച്ചതിനാൽ അനിഷ്‌ട സംഭവങ്ങൾ ഒഴിവായി. പൊലീസ് സുരക്ഷയിൽ സ്ഥാപിച്ച സർവേ കല്ലുകൾ തൊട്ടുപിന്നാലെ കോൺഗ്രസ് പ്രവർത്തകർ പിഴുതെടുക്കുകയായിരുന്നു.
Also read: സമരം രാഷ്ട്രീയ പ്രേരിതം, ഇത് വിമോചന സമര കാലഘട്ടമല്ല: കോടിയേരി ബാലകൃഷ്‌ണൻ
താത്കാലികമായി നിർത്തിവച്ച സർവേ നടപടികൾ ഉച്ചയ്ക്ക് ശേഷം വീണ്ടും ആരംഭിയ്ക്കാനാണ് തീരുമാനം. എന്നാൽ സർവേ അനുവദിയ്ക്കില്ലെന്ന് പദ്ധതി പ്രതികൂലമായി ബാധിക്കുന്ന നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും വ്യക്തമാക്കിയിട്ടുണ്ട്.
സിൽവർലൈൻ പദ്ധതിയ്ക്ക് വേണ്ടി നിരവധി വീടുകളും കൃഷി ഭൂമിയും നഷ്‌ടമാകുന്ന സാഹചര്യമാണ് ചോറ്റാനിക്കരയിലുള്ളത്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.