എറണാകുളം : കോടതി നിർദേശം ലംഘിച്ച് വനംവകുപ്പ് അധികൃതര്‍ പൊതുകിണർ പൊളിച്ചുനീക്കിയെന്ന് പരാതി. കുടിവെള്ളത്തിനായുണ്ടായിരുന്ന സ്രോതസ്സാണ് നശിപ്പിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
കുട്ടമ്പുഴ പഞ്ചായത്തിലെ കുറ്റിയാംചാലിൽ പുഴയുടെ തീരത്ത് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെയാണ് മാസങ്ങൾക്ക് മുമ്പ് പ്രദേശവാസികൾ കിണർ നിർമിച്ചത്.
വേനൽക്കാലത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായാണ് 20ഓളം വീട്ടുകാർ ചേർന്ന് കിണർ നിർമിച്ചത്. കരിങ്കല്ല് കൊണ്ട് ഭിത്തി നിർമിച്ച് റിങ്ങ് ഇറക്കി സുരക്ഷാക്രമീകരണങ്ങളോടെ നിർമിച്ച കിണറാണ് വനപാലകർ തകർത്തത്.
സമീപത്തെ വീട്ടുകാർ മോട്ടോറുകൾ ഉപയോഗിച്ച് കിണറ്റിൽ നിന്ന് വെള്ളം ശേഖരിച്ചുവരികയായിരുന്നു. കിണർ വനഭൂമിയിലാണെന്ന് പറഞ്ഞ് മുമ്പും വനപാലകർ പൊളിച്ചുനീക്കാൻ ശ്രമം നടത്തിയിരുന്നു.
നാട്ടുകാർ എതിർത്തതിനെ തുടർന്ന് അന്ന് പൊളിക്കൽ നടന്നില്ല. ഇതുസംബന്ധിച്ച് കോടതിയിൽ കേസ് നിലനിൽക്കെയാണ് ഒരു സംഘം വനപാലകരെത്തി കിണർ തകര്‍ത്തത്.
ALSO READ:പടക്കപ്പൽ കരകയറുന്നു, ഇനി ആലപ്പുഴയിലേക്ക്
പൊളിച്ചുമാറ്റിയ കിണർ വനപാലകർ തന്നെ പുനർനിർമിച്ചുനൽകണമെന്നാണ് ഇവരുടെ ആവശ്യം. പഞ്ചായത്തിന് അവകാശപ്പെട്ട സ്ഥലത്ത് നിർമിച്ച പൊതുകിണർ പുനർനിർമിക്കാൻ വനംവകുപ്പ് തയ്യാറായില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബേബി മൂലയിൽ പറഞ്ഞു.
എന്നാൽ വനം വകുപ്പിൻ്റെ സ്ഥലത്ത് നടത്തിയ അനധികൃത നിർമാണമാണ് പൊളിച്ചുനീക്കിയതെന്നാണ് വനപാലകരുടെ വിശദീകരണം.