എറണാകുളം: തദ്ദേശ തെരഞ്ഞെടുപ്പില്‍ നാളെ നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിനോട് അനുബന്ധിച്ചുള്ള പോളിങ് സാമഗ്രികളുടെ വിതരണം ജില്ലയിലെ 28 കേന്ദ്രങ്ങളിൽ നടന്നു. എറണാകുളം ജില്ലയില്‍ 3,132 പോളിങ് ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
15,660 ഉദ്യോഗസ്ഥരേയും ബൂത്തുകളില്‍ നിയോഗിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ ബൂത്തുകളില്‍ എത്തിക്കുന്നതിന് സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ ആയിരത്തോളം വാഹനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ഉദ്യോഗസ്ഥര്‍ പോളിങ് ബൂത്തുകളിലെത്തും. ജില്ലയിലെ വോട്ടെടുപ്പ് ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കലക്‌ടര്‍ എസ് സുഹാസ് തൃക്കാക്കര ഭാരത് മാത കോളജിലെ വിതരണ കേന്ദ്രത്തിൽ നേരിട്ട് എത്തിയിരുന്നു.
നാളെ നടക്കുന്ന വോട്ടെടുപ്പിൽ ജനങ്ങൾക്ക് കൊവിഡ് മാനന്ധങ്ങൾ പാലിച്ചുകൊണ്ടു വോട്ട് ചെയ്യാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കലക്ടർ വ്യക്തമാക്കി. അതേസമയം തൃക്കാക്കര, എടത്തല ഉൾപ്പടെയുള്ള വിവിധ പോളിങ് സാമിഗ്രി വിതരണ കേന്ദ്രങ്ങളിൽ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു.