എറണാകുളം: കോതമംഗലം പൂയംകുട്ടിയിൽ ചാരായ വേട്ട. എക്‌സൈസ് സംഘം നടത്തിയ റെയ്‌ഡിൽ 70 ലിറ്റർ ചാരായവും 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളുമായി ഒരാൾ പിടിയിൽ. പൂയംകുട്ടി സ്വദേശി കാഞ്ഞിരത്തിങ്കൽ മാത്യു തോമസ് (51) ആണ് അറസ്റ്റിലായത്. കൂട്ടുപ്രതികളായ പൂയംകുട്ടി സ്വദേശികളായ ബോസ്, കുട്ടായി, വിജി എന്നിവർ ഒളിവിലാണ്.
ലോക്ക് ഡൗൺ കാലത്ത് മദ്യത്തിൻ്റെ ലഭ്യതക്കുറവ് മുതലെടുത്ത് വൻ വിലക്ക് വിപണിയിൽ എത്തിക്കാനായിരുന്നു സംഘം ലക്ഷ്യമിട്ടിരുന്നത്. ആളുകളെ ആകർഷിക്കും വിധം വിവിധ ഇനം മുന്തിയ പഴവർഗങ്ങൾ ചേർത്താണ് ചാരായം നിർമ്മിക്കുന്നത്.
പൂയംകുട്ടി വനമേഖല കേന്ദ്രീകരിച്ച് കള്ളവാറ്റ് നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് എറണാകുളം എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്‌ടർ ഷിബു ബി എൽ ൻ്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
വൻകിട വിൽപ്പനക്കാരുടെ നേതൃത്വത്തിലാണ് ഇവിടെ ചാരായ നിർമാണം നടന്നു വരുന്നതെന്നും ഒളിവിലുള്ള പ്രതികളെ ഉടൻ അറസ്റ്റു ചെയ്യുമെന്നും എക്സൈസ് സി ഐ ഷിബു പറഞ്ഞു.