എറണാകുളം: ലൈഫ് മിഷന്‍ കോഴക്കേസില്‍ ഇ ഡി കസ്‌റ്റഡിയിലുള്ള മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ എം ശിവശങ്കറെ ഹാജരാക്കും. ഒമ്പത് ദിവസം കസ്‌റ്റഡിയിൽ ചോദ്യം ചെയ്‌തുവെങ്കിലും വീണ്ടും ശിവശങ്കറെ ഇഡി കസ്‌റ്റഡിയിൽ ആവശ്യപ്പെട്ടേക്കും. ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിന്‍റെ പങ്ക് ആഴത്തിലുള്ളതാണെന്നും കസ്‌റ്റഡിയിൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നായിരുന്നു ഇ ഡി കഴിഞ്ഞ തവണ കോടതിയിൽ ആവശ്യപ്പെട്ടത്.
ചോദ്യം ചെയ്യലുമായി ശിവശങ്കർ സഹകരിക്കുന്നില്ലെന്നും കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുത്താനുണ്ടെന്നും ഇ ഡി കോടതിയെ അറിയിയിക്കും. ആദ്യത്തെ അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിനിടെയായിരുന്നു ശിവശങ്കറും സ്വപ്‌നയും തമ്മിലുള്ള ചാറ്റ് വിവരങ്ങൾപുറത്ത് വന്നത്. റെഡ് ക്രസന്‍റിനെ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലേക്ക് എത്തിക്കാൻ എം ശിവശങ്കർ ഇടപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ ചാറ്റുകൾ.
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ സംശയത്തിലാക്കുന്ന പരാമർശങ്ങളും വാട്ട്സാപ്പ് ചാറ്റിലുണ്ടായിരുന്നു. ഇത് ഉൾപ്പടെ ലഭ്യമായ വിവരങ്ങളുടെ സംക്ഷിപ്‌ത വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് മുദ്രവെച്ച കവറിൽ ഇ ഡി കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് ഉൾപ്പടെ ചൂണ്ടിക്കാണിച്ചായിരുന്നു നാല് ദിവസം കൂടി കസ്‌റ്റഡിയിൽ വിട്ടത്. അതേസമയം വീണ്ടും കസ്‌റ്റഡിയിൽ ലഭിക്കാൻ എം ശിവശങ്കറിന്‍റെ കേസിലെ പങ്ക് വ്യക്തമാക്കുന്ന കുടുതൽ കാര്യങ്ങൾ കോടതിയെ അറിയിക്കേണ്ടിവരും.
ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ ചോദ്യം ചെയ്യലിൽ ഒരോ രണ്ട് മണിക്കൂറിലും വിശ്രമം അനുവദിക്കണമെന്ന നിർദേശത്തോടെയായിരുന്നു കോടതി കസ്റ്റഡി അനുവദിച്ചത്. അതേസമയം ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടികാണിച്ച് എം ശിവശങ്കർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കും. മൂന്ന് ദിവസത്തെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ഒടുവില്‍ കഴിഞ്ഞ പതിനാലാം തീയ്യതി രാത്രിയായിരുന്നു ശിവശങ്കറിന്‍റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.
യുഎഇ കോൺസുലേറ്റ് വഴി റെഡ് ക്രസന്‍റ് അനുവദിച്ച പണം ചെലവഴിച്ച് ലൈഫ് മിഷൻ പദ്ധതിയിലൂടെ തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലെ 140 കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകാൻ ഉദ്ദേശിക്കുന്ന സംസ്ഥാന സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടാണ് കോഴ ഇടപാട് കേസ് രജിസ്‌റ്റർ ചെയ്‌തത്. ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാനായി ശിവശങ്കര്‍, സ്വപ്‌ന സുരേഷ് എന്നിവര്‍ ഉൾപ്പെടെയുള്ള പ്രതികൾക്ക് കൈക്കൂലി നല്‍കിയതായി യൂണിടാക് മാനേജിംഗ് ഡയറക്‌ടർ സന്തോഷ് ഈപ്പൻ മൊഴി നല്‍കിയിരുന്നു.
കേസില്‍ ശിവശങ്കറിന് പങ്കുണ്ടെന്നും ശിവശങ്കര്‍ കോഴപ്പണം കൈപ്പറ്റി എന്നും പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും മൊഴി നല്‍കിയിരുന്നു ലോക്കറിൽ നിന്ന് പിടികൂടിയ ഒരു കോടി രൂപ ശിവശങ്കറിന് ലഭിച്ച ലൈഫ് മിഷൻ കമ്മീഷനായിരുന്നുവെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം. ഈയൊരു സാഹചര്യത്തിലായിരുന്നു ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിനെ പ്രതിയാക്കി ഇഡി അറസ്‌റ്റ് ചെയ്‌തത്.