എറണാകുളം: ലൈഫ് മിഷന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്‌തു. മൂന്ന് ദിവസത്തെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ഒടുവില്‍ ഇന്നലെ രാത്രി 11.45 ഓടെയാണ് ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശിവശങ്കറിനെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കും.
ലൈഫ് മിഷന്‍ കേസിലെ ആദ്യ അറസ്റ്റാണ് ശിവശങ്കറിന്‍റേത്. യുഎഇ കോൺസുലേറ്റ് വഴി റെഡ് ക്രസന്‍റ് അനുവദിച്ച 18.50 കോടി രൂപയിൽ 14.50 കോടി രൂപ ചെലവഴിച്ച് ലൈഫ് മിഷൻ പദ്ധതിയിലൂടെ തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലെ 140 കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകാൻ ഉദ്ദേശിക്കുന്ന സംസ്ഥാന സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടാണ് കേസ്. ബാക്കി തുക ഉപയോഗിച്ച് ഹെൽത്ത് കെയർ സെന്‍റർ നിർമിക്കുമെന്ന് കരാറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കരാര്‍ ലഭിക്കാന്‍ 4.48 കോടി നല്‍കിയെന്ന് ഈപ്പന്‍: ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാനായി ശിവശങ്കര്‍, സ്വപ്‌ന സുരേഷ് എന്നിവര്‍ ഉൾപ്പെടെയുള്ള പ്രതികൾക്ക് 4 കോടി 48 ലക്ഷം രൂപ കൈക്കൂലി നല്‍കിയതായി യൂണിടാക് മാനേജിങ് ഡയറക്‌ടർ സന്തോഷ് ഈപ്പൻ മൊഴി നല്‍കിയിരുന്നു. കേസില്‍ ശിവശങ്കറിന് പങ്കുണ്ടെന്നും ശിവശങ്കര്‍ കോഴപ്പണം കൈപ്പറ്റി എന്നും കൂട്ടു പ്രതികളായ സ്വപ്‌ന സുരേഷും സരിത് പിഎസും മൊഴി നല്‍കുകയും ചെയ്‌തു.
സ്വര്‍ണ കടത്ത് കേസിന്‍റെ അന്വേഷണത്തിനിടെ സ്വപ്‌ന സുരേഷിന്‍റെ ലോക്കറില്‍ നിന്ന് ഒരു കോടിയോളം രൂപ കണ്ടെടുത്തിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്‌തപ്പോഴാണ് പണം ലൈഫ് മിഷന്‍ പദ്ധതിയുടെ കരാറുമായി ബന്ധപ്പെട്ട് ശിവശങ്കര്‍ കൈപ്പറ്റിയ കൈക്കൂലിയാണ് എന്ന് സ്വപ്‌ന സുരേഷ് വ്യക്തമാക്കിയത്. പിന്നാലെ വിശദമായ അന്വേഷണത്തിലേക്ക് കടന്ന ഇഡി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശിവശങ്കറിന് നോട്ടിസ് നല്‍കി.
ജനുവരി 31ന് സര്‍വീസില്‍ നിന്ന് വിരമിച്ച ദിവസം കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ സംഘം ശിവശങ്കറിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അന്ന് ഹാജരാകാന്‍ അസൗകര്യം ഉണ്ടെന്ന് അദ്ദേഹം ഇഡിയെ അറിയിച്ചു. തുടര്‍ന്ന് ഫെബ്രുവരി 13 ന് ഹാജരാകാന്‍ ഇഡി നിര്‍ദേശിക്കുകയായിരുന്നു. അന്വേഷണത്തില്‍ ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്ന് ഇഡി പലഘട്ടങ്ങളിലും വ്യക്തമാക്കിയിരുന്നു.
അറസ്റ്റ് തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് പിന്നാലെ: ഇഡിയുടെ കൊച്ചി ആസ്ഥാനത്ത് വെള്ളി, തിങ്കള്‍, ചൊവ്വ എന്നീ ദിവസങ്ങളിലാണ് ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്‌തത്. ലൈഫ് മിഷന്‍ അഴിമതിക്ക് പുറമെ സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം ഇടപാട്, ഡോളര്‍ കടത്ത് തുടങ്ങിയ കേസുകളും ശിവശങ്കറിനെതിരെ ഇഡി രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ലൈഫ് മിഷന്‍ അഴിമതി കേസില്‍ സ്വപ്‌ന സുരേഷിനെ കൂടാതെ സ്വര്‍ണ കടത്ത് കേസ് പ്രതികളായ സരിത്തിനെയും സന്ദീപിനെയും ഇഡി നേരത്തെ ചോദ്യം ചെയ്‌തിരുന്നു.
അതേസമയം സ്വപ്‌ന സുരേഷിന്‍റെ ലോക്കറിനെ കുറിച്ച് അറിയില്ല എന്നായിരുന്നു ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയത്. വൈദ്യ പരിശോധനയ്‌ക്ക് ശേഷം ഇന്ന് രാവിലെ ശിവശങ്കറിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.