എറണാകുളം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് സിബിഐ നോട്ടീസ്. വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. തിങ്കളാഴ്ച ഹാജരാകാനാണ് സിബിഐ ആവശ്യപ്പെട്ടത്.
കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിനെ കഴിഞ്ഞ മാസം വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് സ്വപ്‌നയേയും ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്ത് കേസിലെ മറ്റ് പ്രതികളായ എം.ശിവശങ്കർ, സന്ദീപ് നായർ എന്നിവരെയും സിബിഐ ചോദ്യം ചെയ്തേക്കും.
ഇതോടെ ഒരു ഇടവേളയ്ക്ക് ശേഷം ലൈഫ് മിഷൻ കേസ് വീണ്ടും സജീവമാകും. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4.48 കോടി രൂപ കമ്മിഷനായി നൽകിയെന്ന് കേസിൽ അറസ്റ്റിലായ യൂനിടാക് എം.ഡി സന്തോഷ് ഈപ്പൻ സിബിഐക്ക് മൊഴി നൽകിയിരുന്നു. യുഎഇ കോൺസുലേറ്റിലെ അക്കൗണ്ട്സ് ഓഫിസറായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദിനാണ് തുക നൽകിയെന്നാണ് സന്തോഷ് ഈപ്പൻ വ്യക്തമാക്കിയത്.
അതേസമയം ലൈഫ് മിഷൻ കേസിൽ വിജിലൻസ് അന്വേഷണം ചൂണ്ടിക്കാണിച്ച് സിബിഐ അന്വേഷണത്തെ ശക്തമായി സർക്കാർ എതിർത്തിരുന്നു. ലൈഫ് മിഷന്‍റെ ഫ്ലാറ്റ് സമുച്ചയം നിർമിക്കാൻ ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു, നിർമാണ കരാർ യൂനിടാക്കിന് നൽകിയതിൽ അഴിമതി നടന്നു തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് മുൻ എംഎൽഎ അനിൽ അക്കരെ നൽകിയ പരാതിയിലായിരുന്നു സിബിഐ കേസ് എടുത്തത്.