എറണാകുളം: ലൈഫ് മിഷൻ ക്രമക്കേടിലെ ഒന്നാം പ്രതി യൂണിടാക് എം.ഡി സന്തോഷ് ഈപ്പനെ സിബിഐ ചോദ്യം ചെയ്തു. സ്വർണക്കടത്ത് കേസ് പ്രതികൾക്ക് ഉൾപ്പെടെ കമ്മിഷൻ നൽകിയെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയായിരുന്നു രണ്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ.
അതേസമയം സന്തോഷ് ഈപ്പൻ നൽകിയ മൊഴിയും രേഖകളും പരിശോധിച്ച് സിബിഐ വീണ്ടും ചോദ്യം ചെയ്തേക്കും. വടക്കാഞ്ചേരി ലൈഫ് മിഷൻ നിർമാണ കരാർ ലഭിക്കാൻ ഇടനിലക്കാരായി നിന്നവർക്ക് കമ്മിഷൻ നൽകിയിട്ടുണ്ടെന്ന് സന്തോഷ് ഈപ്പൻ നേരത്തെ എൻഫോഴ്സ്‌മെന്‍റിന് മൊഴി നൽകിയിരുന്നു. ഇദ്ദേഹത്തിന്‍റെ കൈവശമുണ്ടായിരുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ലാപ്പ്ടോപ്പ്, പണം കൈമാറിയ രേഖകള്‍ എന്നിവ സിബിഐ പിടിച്ചെടുത്തിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഫെറ നിയമത്തിന്‍റെ ലംഘനമുണ്ടായെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് സിബിഐ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചതിന് ലൈഫ് മിഷൻ സിഇഒ യു.വി ജോസിനെയും സിബിഐ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.
യൂണി ടാക് ബിൽഡേഴ്സിന്‍റെ സഹോദര സ്ഥാപനമായ സെയിൻ വെഞ്ചേഴ്സിനെയാണ് സിബിഐ ലൈഫ് മിഷൻ ക്രമക്കേടിൻ രണ്ടാം പ്രതിയാക്കിയത്. മൂന്നാം പ്രതി ലൈഫ് മിഷൻ ഉദ്യോഗസ്ഥരാണെന്നും സിബിഐ എറണാകുളം സി.ജെ.എം കോതിയിൽ സമർപ്പിച്ച എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്.