എറണാകുളം: ലൈഫ് മിഷൻ ക്രമക്കേട് അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയെ സമീപിച്ചു. സ്റ്റേ കേസന്വേഷണത്തെ തടസ്സപ്പെടുത്തുന്നതായി സിബിഐ വ്യക്തമാക്കി. ഉന്നത സർക്കാർ ഉദ്യോഗസ്ഥർ ഗൂഢാലോചനയിൽ പങ്കാളികളാണന്നും പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്നും സിബിഐ കോടതിയിൽ പറഞ്ഞു.
ഉദ്യോഗസ്ഥർക്കും മറ്റും നൽകുന്നതിനായി സ്വപ്ന സുരേഷിന് ഐഫോണുകൾ നൽകിയതായി സന്തോഷ് ഈപ്പൻ സമ്മതിച്ചിട്ടുണ്ട്. ഇങ്ങനെ നൽകിയ ഏഴ് ഐഫോണുകളിൽ ഒന്ന് എം. ശിവശങ്കറിൽ നിന്ന് പിടിച്ചെടുത്തു. ശിവശങ്കർ സന്തോഷ് ഈപ്പന് സഹായങ്ങൾ ചെയ്തിട്ടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. അന്വേഷണത്തിന്‍റെ ഈ ഘട്ടത്തിൽ ഏതൊക്കെ മേഖലകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് സിബിഐയാണ്. ഈയൊരു സാഹചരത്തിൽ സ്റ്റേ ഒഴിവാക്കി അന്വേഷണം തുടരാൻ അനുവദിക്കണമെന്നാണ് സിബിഐ ആവശ്യം. ലൈഫ് മിഷൻ സിഇഒ യു. വി. ജോസ് സമർപ്പിച്ച ഹർജിയിലാണ് ലൈഫ് മിഷനെതിരായ സിബിഐ അന്വേഷണം ഒക്ടോബർ 13ന് രണ്ട് മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തത്.