എറണാകുളം : ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ ജാമ്യം ആവശ്യപ്പെട്ട് എം ശിവശങ്കർ ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ലൈഫ് മിഷൻ കോഴക്കേസിൽ റിമാന്‍ഡില്‍ തുടരവെയാണ് ശിവശങ്കർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ ശിവശങ്കറിന്‍റെ ജാമ്യഹർജി കീഴ്‌ക്കോടതി തള്ളിയിരുന്നു. പല രോഗങ്ങൾക്ക് ചികിത്സ തേടുന്ന ആളാണ് താനെന്നും ആരോഗ്യാവസ്ഥ കണക്കിലെടുത്ത് സമാനമായ കേസിൽ നേരത്തെ ജാമ്യം അനുവദിച്ചിരുന്നുവെന്നും ശിവശങ്കര്‍ അവകാശവാദം ഉന്നയിച്ചു. ഇഡി അധികാര ദുർവിനിയോഗം നടത്തിയാണ് കേസിൽ തന്നെ പ്രതി ചേർത്തിട്ടുള്ളതെന്നും മാത്രവുമല്ല തന്നെ നേരിട്ട് കേസുമായി ബന്ധിപ്പിക്കുന്ന യാതൊരു തെളിവുകളും കണ്ടെത്തിയിട്ടില്ലെന്നും തന്നെ വേട്ടയാടുകയാണെന്നും ജാമ്യാപേക്ഷയിൽ ശിവശങ്കർ പറയുന്നു.
ചോദ്യം ചെയ്യലുമായി സഹകരിച്ചെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ശിവശങ്കറിന്‍റെ ആവശ്യം. ഇക്കഴിഞ്ഞ ഫെബ്രുവരി 14 നാണ് മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനുശേഷം എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്‌തത്. ഒമ്പത് ദിവസത്തെ ഇഡിയുടെ കസ്റ്റഡി കാലാവധിക്ക് ശേഷം കാക്കനാട് ജില്ല ജയിലിൽ റിമാന്‍ഡിൽ തുടരുകയാണ് ശിവശങ്കർ. അദ്ദേഹം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ കീഴ്‌ക്കോടതി ജാമ്യാപേക്ഷ തള്ളിയത്. ജസ്റ്റിസ് ബദറുദ്ദീന്‍ അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
അതേസമയം ശിവശങ്കര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതിന് പിറ്റേന്ന് മാര്‍ച്ച് 10ന് അപേക്ഷ ഹൈക്കോടതി പരിഗണിച്ചില്ല. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ ബഞ്ചാണ് ശിവശങ്കറിന്‍റെ ജാമ്യ ഹര്‍ജി പരിഗണിക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് മാറ്റിയത്. അഴിമതി നിരോധന നിയമപ്രകാരമുള്ള ഹര്‍ജികളാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്‍റെ ബഞ്ച് പരിഗണിക്കുന്നത്.
ശിവശങ്കറിന്‍റെ കോഴപ്പണം സ്വപ്‌നയുടെ ലോക്കറില്‍ : യുഎഇ കോണ്‍സുലേറ്റ് വഴി റെഡ് ക്രസന്‍റ് അനുവദിച്ച 18.50 കോടി രൂപയില്‍ നിന്ന് 14,50 കോടി രൂപ ചെലവഴിച്ച് തൃശൂര്‍ വടക്കാഞ്ചേരിയില്‍ 140 കുടുംബങ്ങള്‍ക്ക് ലൈഫ് മിഷന്‍ പദ്ധതിയിലൂടെ വീടുവച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് കേസ്. ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാനായി എം ശിവശങ്കര്‍, സ്വപ്‌ന സുരേഷ്, സരിത്ത് തുടങ്ങിയവര്‍ക്ക് 4 കോടി 48 ലക്ഷം രൂപ കൈക്കൂലി നല്‍കിയതായി യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിരുന്നു.
കൂടാതെ സ്വര്‍ണക്കടത്ത് കേസിന്‍റെ അന്വേഷണത്തിനിടെ സ്വപ്‌ന സുരേഷിന്‍റെ ലോക്കറില്‍ നിന്ന് ഒരു കോടി രൂപ കണ്ടെത്തി. ഈ പണം ശിവശങ്കര്‍ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി കൈപ്പറ്റിയ കൈക്കൂലിയാണെന്ന് സ്വപ്‌ന മൊഴി നല്‍കുകയുണ്ടായി. കേസിലെ മറ്റൊരു പ്രതിയായ സരിത്തും ശിവശങ്കര്‍ കൈക്കൂലി വാങ്ങിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ മൊഴി നല്‍കി. ഇതോടെയാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതും തുടര്‍ന്ന് അറസ്റ്റ് ചെയ്യുന്നതും.
മൂന്ന് ദിവസത്തെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് പിന്നാലെ ഫെബ്രുവരി 14ന് രാത്രിയാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്‌തത്. കേസിലെ ആദ്യ അറസ്റ്റായിരുന്നു ശിവശങ്കറിന്‍റേത്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്‌നയും ശിവശങ്കറും നടത്തിയ വാട്‌സ്‌ആപ്പ് ചാറ്റുകളും പുറത്തുവന്നിരുന്നു. ഫെബ്രുവരി 15ന് ശിവശങ്കറിനെ ഇഡി കസ്റ്റഡിയില്‍ വിട്ടുകൊണ്ട് എറണാകുളം സിബിഐ കോടതി ഉത്തരവിടുകയായിരുന്നു.