എറണാകുളം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ ഇ ഡി അറസ്റ്റുചെയ്‌ത യൂണീടാക് ബിൽഡേഴ്‌സ് എം.ഡി. സന്തോഷ് ഈപ്പനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ (പിഎംഎൽഎ) പ്രകാരമുളള കേസ് പരിഗണിക്കുന്ന പ്രത്യേക സി.ബി ഐ കോടതിയിലാണ് പ്രതിയെ ഹാജരാക്കുക. നേരത്തെ തന്നെ ഈ കേസിൽ ഇ.ഡി സന്തോഷ് ഈപ്പനെ വിശദമായി ചോദ്യം ചെയ്യുകയും പ്രതി ചേർക്കുകയും ചെയ്‌തിരുന്നു.
തിങ്കളാഴ്‌ച കൊച്ചിയിലെ ഇ.ഡി ഓഫിസിലേക്ക് വിളിച്ചുവരുത്തുകയും രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം രജിസ്റ്റർ ചെയ്‌ത കേസിൽ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പൻ. ഈ കേസിൽ ഒമ്പതാം പ്രതിയാണ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ. നേരത്തെ അറസ്റ്റിലായ അദ്ദേഹം ഇപ്പോഴും റിമാന്‍ഡില്‍ കഴിയുകയാണ്. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സന്തോഷ് ഈപ്പനെ അറസ്റ്റു ചെയ്‌തത്.
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ്, എന്നിവരുടെ നിർദേശപ്രകാരം യു എ ഇ കോൺസുലേറ്റ് ജീവനക്കാർക്ക് കോഴ നൽകിയെന്നാണ് സന്തോഷ് ഈപ്പൻ മൊഴി നൽകിയത്. ലൈഫ് മിഷൻ പദ്ധതിയുമായി സഹകരണ കരാറിൽ ഒപ്പിട്ട യു.എ.ഇ സന്നദ്ധസംഘടനയായ റെഡ്ക്രസന്‍റ് വഴി ലഭിച്ച ഏഴേമുക്കാൽ കോടി രൂപയിൽ 3.8 കോടി രൂപ കോഴയായി നൽകിയിട്ടുണ്ടെന്ന് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യൻ രൂപ കരിഞ്ചന്തയിൽ നിന്ന് ഡോളറാക്കി മാറ്റി യു.എ.ഇ. കോൺസുലേറ്റിലെ മുൻ അക്കൗണ്ടന്‍റും ഈജിപ്ഷ്യൻ പൗരനുമായ ഖാലിദ് ഷൗക്രിക്ക് നേരിട്ട് നൽകിയെന്നായിരുന്നു സന്തോഷ് മൊഴി നൽകിയത്.
അതേസമയം തന്‍റെ ലോക്കറിൽ അന്വേഷണ ഏജൻസികൾ പിടിച്ചെടുത്ത ഒരു കോടി രൂപയും ലൈഫ് മിഷൻ ഇടപാടിൽ ലഭിച്ച കമ്മിഷനാണെന്നും, ഇത് എം.ശിവശങ്കറിന്‍റെ പണമാണെന്നാണ് സ്വപ്‌നയുടെ ആരോപണം. എന്നാല്‍ ഇത്തരമൊരു പണത്തെ കുറിച്ച് തനിക്കറിയില്ലെന്നാണ് എം.ശിവശങ്കർ മൊഴി നൽകിയത്. ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കർ നൽകിയ ജാമ്യാപേക്ഷയിൽ വിശദവാദം ആവശ്യമാണെന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇ ഡി) ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരാകുമെന്നും ഇ ഡി അറിയിച്ചു. തുടർന്നായിരുന്ന ഹർജി പരിഗണിച്ച കോടതി മാർച്ച് 23-ാം തീയതിയിലേക്ക് മാറ്റിയത്.
തനിക്കു വേണ്ടി സുപ്രീം കോടതി അഭിഭാഷകൻ ഹാജരാകുമെന്ന് ശിവശങ്കറും അറിയിച്ചിട്ടുണ്ട്. നേരത്തെ ശിവശങ്കറിന്‍റെ ജാമ്യഹർജി വിചാരണ കോടതി തള്ളിയിരുന്നു. തുടർന്നാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്. ലൈഫ് മിഷൻ കോഴക്കേസിൽ എം.ശിവശങ്കറിന്‍റെ പങ്ക് ആഴത്തിലുള്ളതാണെന്നാണ് ഇ.ഡിയുടെ ആരോപണം. ഈ കേസിൽ എം.ശിവശങ്കറിന്‍റെ പങ്ക് വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകൾ ലഭിച്ചുവെന്നും, വാട്‌സ്‌ആപ്പ് ചാറ്റുകൾ ഉൾപ്പടെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ ചാറ്റുകളിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍റെ പേരും പരാമർശിച്ചിരുന്നു.
ഇതേ തുടർന്ന് രണ്ട് ദിവസങ്ങളിലായി സി.എം രവീന്ദ്രനെയും വിശദമായി ഇ.ഡി ചോദ്യം ചെയ്‌തു. ലൈഫ് മിഷൻ സിഇഒ യു.വി.ജോസിനെയും , എം.ശിവശങ്കറിന്‍റെ ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാലിനെയും ഇ.ഡി ചോദ്യം ചെയ്‌തിരുന്നു. 140 അപ്പാർട്ട്മെന്‍റുകൾ നിർമിക്കാൻ യു.എ.ഇ. കോൺസുലേറ്റും യൂണിടാക് ബിൽഡേഴ്‌സും തമ്മിൽ കരാറിലേർപ്പെട്ടത് 2019 ജൂലായ് 31 നായിരുന്നു. ലൈഫ് മിഷൻ കോഴക്കേസിൽ നിലവിൽ എം.ശിവശങ്കറും, സന്തോഷ് ഈപ്പനുമാണ് അറസ്റ്റിലായത്. വരും ദിവസങ്ങളിൽ സ്വപ്‌ന സുരേഷ്, പി.എസ്. സരിത്ത്, സന്ദീപ് നായർ എന്നിവരെയും അറസ്റ്റ് ചെയ്യാനാണ് സാധ്യത.