എറണാകുളം: സ്വപ്‌ന സുരേഷിനെ പരിചയപ്പെടുത്തിയത് എം ശിവശങ്കറാണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാല്‍. ലൈഫ് മിഷന്‍ കേസില്‍ ഇ ഡിക്ക് മുന്നില്‍ നല്‍കിയ മൊഴിയിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. എം ശിവശങ്കര്‍ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലായിരുന്നു സ്വപ്‌ന സുരേഷിന് വേണ്ടി ലോക്കര്‍ തുറന്നത്.
ലോക്കറില്‍ വയ്‌ക്കുന്നതിന് വേണ്ടി സ്വപ്‌ന സുരേഷ് കൊണ്ടുവന്ന പണത്തെ കുറിച്ച് ശിവശങ്കറുമായി ചര്‍ച്ച നടത്തി. ലോക്കറില്‍ സൂക്ഷിക്കുന്നതിനുള്ള പണവുമായി ശിവശങ്കര്‍ തന്‍റെ വീട്ടിലെത്തി. മൂന്ന് പ്രാവശ്യം സ്വപ്‌ന ലോക്കര്‍ തുറന്ന കാര്യം ശിവശങ്കറെ അറിയിച്ചെന്നാണ് വേണുഗോപാല്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന് നല്‍കിയ മൊഴിയെന്നാണ് സൂചന.
ഇതോടെ തന്‍റെ ലോക്കറില്‍ നിന്നും പിടിച്ചെടുത്ത പണം ശിവശങ്കറിന്‍റേതാണെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം. അതേസമയം, ലൈഫ് മിഷന്‍ അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കേസ് പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതി ഇന്നലെ ശിവശങ്കറിനെ അഞ്ച് ദിവസത്തെ ഇ ഡി കസ്റ്റഡിയിൽ വിട്ടിരുന്നു.
ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ ചോദ്യം ചെയ്യലിൽ ഒരോ രണ്ട് മണിക്കൂറിലും അദ്ദേഹത്തിന് വിശ്രമം അനുവദിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. മൂന്ന് ദിവസത്തെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലായിരുന്നു ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് കേസ്.
യുഎഇ കോൺസുലേറ്റ് വഴി റെഡ് ക്രസന്‍റ് അനുവദിച്ച 18.50 കോടി രൂപയിൽ 14.50 കോടി രൂപ ചെലവഴിച്ച് വടക്കാഞ്ചേരിയിലെ 140 കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാനായിരുന്നു പദ്ധതി. പദ്ധതിയുടെ കരാര്‍ ലഭിക്കുന്നതിനായി ശിവശങ്കര്‍, സ്വപ്‌ന സുരേഷ് എന്നിവര്‍ ഉൾപ്പെടെയുള്ള പ്രതികൾക്ക് 4 കോടി 48 ലക്ഷം രൂപ കൈക്കൂലി നല്‍കിയതായി യൂണിടാക് മാനേജിങ് ഡയറക്‌ടർ സന്തോഷ് ഈപ്പൻ മൊഴി നല്‍കി. കേസില്‍ ശിവശങ്കറിന് പങ്കുണ്ടെന്നും ശിവശങ്കര്‍ കോഴപ്പണം കൈപ്പറ്റി എന്നും പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും പറഞ്ഞിരുന്നു.
ലോക്കറിൽ നിന്നും പിടികൂടിയ ഒരു കോടി ശിവശങ്കറിന് ലഭിച്ച ലൈഫ് മിഷൻ കമ്മിഷനായിരുന്നു എന്നായിരുന്നു സ്വപ്‌നയുടെ ആരോപണം. ഈ സാഹചര്യത്തിലാണ് ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിനെ പ്രതിയാക്കി ഇഡി അറസ്റ്റ് ചെയ്‌തത്.