എറണാകുളം: ലൈഫ് മിഷൻ കോഴക്കേസിൽ ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് എം ശിവശങ്കർ നൽകിയ ഹർജി ഹൈക്കോടതി ചൊവ്വാഴ്‌ചത്തേക്ക്(ജൂണ്‍ 27) മാറ്റി. ഇടക്കാല ജാമ്യം നൽകുന്നതിനെ ഇഡി കോടതിയിൽ എതിർത്തു. ശിവശങ്കറിൻ്റെ ആരോഗ്യവിവരങ്ങൾ ഹാജരാക്കാൻ ജയിൽ സൂപ്രണ്ടിന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
ഇടക്കാല ജാമ്യാപേക്ഷ തള്ളിയ കീഴ്‌ക്കോടതി ഉത്തരവിന് എതിരെയായിരുന്നു ശിവശങ്കറിന്‍റെ ഹർജി. ചികിത്സയ്ക്കായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. നിലവിൽ ശിവശങ്കറിന്‍റെ സ്ഥിര ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
കോഴ ഇടപാടിലെ മുഖ്യ ആസൂത്രകൻ ശിവശങ്കറാണ് എന്നതടക്കമുള്ള ഇഡിയുടെ വാദങ്ങൾ അംഗീകരിച്ചായിരുന്നു നേരത്തെ കീഴ്‌ക്കോടതി ഇടക്കാല ജാമ്യാപേക്ഷ തള്ളിയത്. കേസിൽ സ്ഥിരം ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചപ്പോൾ ഇടക്കാല ജാമ്യത്തിനായി കീഴ്‌ക്കോടതിയെ സമീപിക്കാൻ കോടതി നിർദേശിച്ചിരുന്നു. സുപ്രീം കോടതിയുടെ ഈ നിർദേശം ഉൾപ്പെടുത്തിയായിരുന്നു ശിവശങ്കർ കീഴ്‌ക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.
ലൈഫ് മിഷൻ കോഴയിടപാടുമായി തനിക്ക് പങ്കില്ലെന്നായിരുന്നു ശിവശങ്കറിന്‍റെ വാദം. ഇക്കഴിഞ്ഞ ഫെബ്രുവരി 14 നാണ് മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്‌തത്. നിലവിൽ ജയിലിൽ കഴിയുകയാണ് ശിവശങ്കർ.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലാണ് ഇഡി ശിവശങ്കറിനെ അറസ്റ്റ് ചെയ്‌തത്. യുഎഇ കോൺസുലേറ്റ് വഴി റെഡ് ക്രസന്‍റ് അനുവദിച്ച പണം ചെലവഴിച്ച് തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലെ 140 കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകാൻ ഉദ്ദേശിക്കുന്ന സംസ്ഥാന സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടാണ് കോഴ ഇടപാട്. ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാനായി ശിവശങ്കര്‍, സ്വപ്‌ന സുരേഷ് എന്നിവര്‍ ഉൾപ്പെടെയുള്ള പ്രതികൾക്ക് കൈക്കൂലി നല്‍കിയതായി യൂണിടാക് മാനേജിങ് ഡയറക്‌ടർ സന്തോഷ് ഈപ്പൻ മൊഴി നല്‍കിയിരുന്നു.
കരാര്‍ ലഭിക്കാനായി ശിവശങ്കര്‍, സ്വപ്‌ന സുരേഷ്, സരിത്ത് തുടങ്ങിയവര്‍ക്ക് 4 കോടി 48 ലക്ഷം രൂപ കൈക്കൂലി നല്‍കിയതായാണ് സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയത്. ശിവശങ്കറിന് ലൈഫ് മിഷന്‍ കോഴക്കേസില്‍ പങ്ക് ഉണ്ടെന്ന സ്വപ്‌ന സുരേഷിന്‍റെയും സരിത്തിന്‍റെയും മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. സ്വര്‍ണ കടത്ത് കേസുമായി ബന്ധപ്പെട്ട് ലോക്കറിൽ നിന്ന് പിടികൂടിയ ഒരു കോടി രൂപ ശിവശങ്കറിന് ലഭിച്ച കമ്മിഷന്‍ ആയിരുന്നുവെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം.
ഈ സാഹചര്യത്തിലാണ് ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിനെ പ്രതിയാക്കി ഇഡി അറസ്റ്റ് ചെയ്‌തത്. മൂന്ന് ദിവസത്തെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ശേഷമാണ് ഫെബ്രുവരി 14ന് രാത്രി ശിവശങ്കറിന്‍റെ അറസ്റ്റ് ഇഡി രേഖപ്പെടുത്തിയത്. കേസിലെ ആദ്യ അറസ്റ്റായിരുന്നു ഇത്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്‌നയും ശിവശങ്കറും നടത്തിയ വാട്‌സ്‌ആപ്പ് ചാറ്റുകളും പുറത്തുവന്നിരുന്നു. ഫെബ്രുവരി 15ന് ശിവശങ്കറിനെ ഇഡി കസ്റ്റഡിയില്‍ വിട്ടുകൊണ്ട് എറണാകുളം സിബിഐ കോടതി ഉത്തരവിട്ടു.