എറണാകുളം : കളമശ്ശേരി സ്‌ഫോടനത്തിൽ മരിച്ച മലയാറ്റൂർ സ്വദേശി പന്ത്രണ്ടുകാരി ലിബ്‌ന ക്ലാസ് ടീച്ചർക്ക് എഴുതിയ കത്ത് നോവായി മാറുന്നു (Libna Letter To Class Teacher). ലിബ്‌നയുടെ വിയോഗത്തിന് പിന്നാലെയാണ് കലർപ്പില്ലാത്ത ഗുരു ശിഷ്യ ബന്ധത്തെ അടയാളപ്പെടുത്തുന്ന ഈ കത്ത് ചർച്ചയായത്. ക്ലാസ് ടീച്ചർ ബിന്ദുവിനാണ് ലിബ്‌ന കത്തെഴുതിയത്. കഴിഞ്ഞ മാസം രണ്ടാഴ്‌ച അധ്യാപിക അവധിയിലായിരുന്നു. അപ്പോഴാണ് ലിബ്‌നയും സുഹൃത്തുക്കളും ചേർന്ന് അധ്യാപികക്ക് ഒരു കത്തയച്ചത് (kalamassery Explosion 12 years Old Girl Death).
ലിബ്‌നയായിരുന്നു കത്തെഴുതിയത്. ലിബ്‌നയുടെ സ്വന്തം വാചകങ്ങളിൽ കുരുന്നു മനസിന്‍റെ സ്‌നേഹവും നിഷ്‌കളങ്കതയുമെല്ലാം ആവോളമുണ്ട്. സ്വന്തം ക്ലാസ് ടീച്ചറുടെ രണ്ടാഴ്‌ചത്തെ അസാന്നിധ്യം കുഞ്ഞു മനസിൽ സൃഷ്‌ടിച്ച ആകുലതയാണ് ഒരോ വാക്കുകളിലുമുള്ളത്. എന്നാൽ ജീവിച്ചു തുടങ്ങുന്നതിന് മുമ്പ് സ്വന്തക്കാർക്കും, കൂട്ടുകാർക്കും പ്രിയപ്പെട്ട അധ്യാപികയ്‌ക്കും തീരാവേദന സമ്മാനിച്ചാണ് അവൾ അകാലത്തിൽ യാത്രയായത്.മലയാറ്റൂർ എസ് എൻ ഡി പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു ലിബ്‌ന.
ലിബ്‌ന ക്ലാസ് ടീച്ചർക്ക് എഴുതിയ കത്തിന്‍റെ പൂർണ രൂപം
'പ്രിയപ്പെട്ട ടീച്ചർ....ടീച്ചർ ഞങ്ങൾക്ക് എന്നും പ്രിയപ്പെട്ട ടീച്ചർ ആണ്. വഴക്ക് പറയുമ്പോൾ ദേഷ്യം തോന്നുമെങ്കിലും ഞങ്ങളുടെ നല്ലതിന് വേണ്ടിയാണ് എന്ന് മനസിലായി. ടീച്ചറെ ഞങ്ങൾക്ക് ഒത്തിരി മിസ് ചെയ്യും. ഞങ്ങളെ വേർതിരിവില്ലാതെ സ്‌നേഹിച്ച ടീച്ചറെ ഞങ്ങളും ഒത്തിരി സ്‌നേഹിക്കും. പ്രാർഥനയിൽ ടീച്ചറെ ഓർക്കും. ഒരിക്കിലും മറക്കാത്ത മികച്ച നല്ല അധ്യാപികയായി.'
ലിബ്‌ന എഴുതിയ വരികൾക്ക് താഴെ സ്‌നേഹത്തിന്‍റെ ചിഹ്നവും ഒപ്പും ചാർത്തിയിട്ടുണ്ട്. വൃത്തിയുള്ള കയ്യക്ഷരത്തിലുള്ള കത്തിനൊരു അലങ്കാരമായി ഒരു ചിത്രവും അവൾ വരച്ചു വെച്ചിട്ടുണ്ട്. തന്‍റെ പ്രിയപ്പെട്ട അധ്യാപികയ്ക്ക് എഴുതിയ കത്തിനെ മനോഹരമാക്കുകയെന്ന് മാത്രം ചിന്തിച്ചിച്ചാകും ചിത്രങ്ങൾ വരച്ചതെങ്കിലും വേണ്ടുവോളം മധു നുകർന്ന് പറന്നകലുന്ന ചിത്രശലഭങ്ങൾ വിദ്യാർഥി ജീവിതത്തെ തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്. എന്നാൽ വിദ്യയെന്ന മധു നുകർന്ന് മനോഹരമായ ജീവിതത്തിൽ ഒരു ചിത്ര ശലബത്തെ പോലെ പാറികളിക്കാൻ ഇനി അവളില്ലായെന്ന യാഥാർത്യമാണ് ഏറെ നൊമ്പരം സൃഷ്‌ടിക്കുന്നത്.
അതേസമയം, ലിബ്‌നയുടെ മരണത്തിന്‍റെ ഞെട്ടലിൽ നിന്ന് മലയാറ്റൂർ ഗ്രാമം ഇനിയും മുക്തമായിട്ടില്ല.. കളമശ്ശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലിബിന (12) ഇന്നലെ (30.10.2023) പുലർച്ചെ 12:40 നാണ് മരണപ്പെട്ടത്. 95 ശതമാനം പൊള്ളലേറ്റ കുട്ടി കളമശ്ശേരി മെഡിക്കൽ കോളജിൽ വെന്‍റിലേറ്ററിൽ ചികിത്സയിലിരിക്കെയായിരുന്നു മരണപ്പെട്ടത്.