എറണാകുളം: പ്രളയത്തെ തുടർന്ന് എലിപ്പനിയും മറ്റ് പകർച്ചവ്യാധികളും പടരാതിരിക്കാനുള്ള നടപടികൾ കൈകൊണ്ടതായി കോതമംഗലം താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. അഞ്ജലി വ്യക്തമാക്കി. ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവർക്ക് എലിപ്പനി ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് ഡോക്സി സൈക്ലിൻ നൽകിയിരുന്നു. അഞ്ച് ദിവസം നീണ്ട് നിന്ന ക്യാമ്പിൽ ഇടവിട്ട് ആവശ്യമായ പരിചരണം നൽകിയിരുന്നു.
കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലകളിലെ ക്യാമ്പുകളിലും മെഡിക്കൽ സംഘം എത്തുകയും ആവശ്യമായ മരുന്നുകൾ നൽകുകയും ചെയ്തിരുന്നു. ക്യാമ്പുകളുടെ ശുചീകരണം ആശാ വർക്കർമാരുടെ സഹായത്തോടെ പൂര്‍ത്തിയാക്കി വെള്ളം കയറിയ വീടുകളിലെ കിണറുകളിൽ ക്ലോറിനേഷൻ നടത്തി. അതുകൊണ്ടുതന്നെ താലൂക്കിൽ പകർച്ചപ്പനികൾക്ക് സാധ്യതയില്ലെന്നും മുൻകരുതൽ നടപടികൾ ക്യാമ്പിൽ കഴിഞ്ഞവർ കൈകൊള്ളണമെന്നും ഡോ.അഞ്ജലി പറഞ്ഞു. കോതമംഗലം താലൂക്കിൽ ശക്തമായ മഴയെ തുടർന്ന് ഏഴ് ക്യാമ്പുകളാണ് തുറന്നിരുന്നത്.