എറണാകുളം : ലോകേഷ് കനകരാജ് - ദളപതി ചിത്രം ലിയോ (Leo) പുലർച്ചെ നാലിന് തന്നെ കേരളത്തിലെ തിയേറ്ററുകളിലത്തി (Leo Movie First Show). മലയാളികൾക്കൊപ്പം തമിഴ് ആരാധകരും കേരളത്തിലെ തിയറ്ററുകളിൽ ആദ്യ പ്രദർശനം കാണാൻ എത്തിയിരുന്നു. തമിഴ്‌നാട്ടിലെ വർത്തമാന രാഷ്‌ട്രീയ - സിനിമ മേഖലയിലെ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് പുലർച്ചെയുള്ള ലിയോയുടെ പ്രദർശനം തടഞ്ഞിരുന്നു. തമിഴ്‌നാട്ടിലുടനീളം രാവിലെ ഒൻപതിനാണ് ചിത്രത്തിന്‍റെ ആദ്യപ്രദർശനം.
തിരുവനന്തപുരത്തും കൊച്ചിയിലുമെല്ലാം നിരവധി തമിഴ് ആരാധകരാണ് ആദ്യ പ്രദർശനം കണ്ടത്. ചിത്രം കണ്ട് ഇറങ്ങിയ ഓരോ പ്രേക്ഷകനോടും മാധ്യമങ്ങളുടെ ആദ്യ ചോദ്യം ലിയോ എൽ സി യുവിന്‍റെ ഭാഗമാണോ എന്നുള്ളതായിരുന്നു. എന്നാൽ, ചിത്രം എൽ സി യുവിന്‍റെ (Lokesh Cinematic Universe) ഭാഗമാണെങ്കിലും അല്ലെങ്കിലും ലോകേഷ് കനകരാജ് (Lokesh Kanagaraj) പ്രതീക്ഷകൾക്ക് ഇടങ്കോൽ ഇട്ടില്ലെന്നും ചിത്രം ബ്ലോക്ക് ബസ്റ്ററാകുമെന്ന് ഉറപ്പാണെന്നും ആരാധകർ പ്രതികരിച്ചു (Leo Movie Response).
ആദ്യപ്രദർശനത്തിനുശേഷം ആരാധകർ എല്ലാം വലിയ സന്തോഷത്തിലാണ്. വിജയ്‌യുടെ (Thalapathy vijay) പ്രകടനത്തെ പറ്റി അവര്‍ക്ക് നല്ല അഭിപ്രായങ്ങൾ മാത്രം. ചിത്രത്തിന്‍റെ വി എഫ് എക്‌സ് ഭാഗങ്ങൾ എല്ലാം ലോക നിലവാരത്തിൽ സൃഷ്‌ടിച്ചിരിക്കുന്നു. അനിരുദ്ധിന്‍റെ സംഗീതവും എടുത്തുപറയേണ്ടതാണ്. അർജുൻ സർജയുടെ കഥാപാത്രവും, സഞ്‌ജയ് ദത്തിന്‍റെ വേഷവും ഒന്നിനൊന്നു മെച്ചമാണ് - പ്രേക്ഷകർ പറയുന്നു.
'വിക്രം' എന്ന സിനിമയുടെ വലിയ വിജയത്തിന് ശേഷം ദളപതി വിജയ് ചിത്രവുമായി ലോകേഷ് കനകരാജ് എത്തുമ്പോൾ പ്രതീക്ഷകൾ വാനോളം ആയിരുന്നു. വിജയ്‌യുടെ കഴിഞ്ഞ ചിത്രമായ വാരിസ് എല്ലാത്തരം പ്രേക്ഷകരെയും സംതൃപ്‌തിപ്പെടുത്തുന്നതായിരുന്നില്ല. അതുകൊണ്ടുതന്നെ ലിയോയിൽ വലിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നത്.
ആദ്യപ്രദർശനം കഴിയുമ്പോൾ ഒരു തരത്തിലുള്ള പ്രതീക്ഷകൾക്കും മങ്ങൽ ഏറ്റിട്ടില്ല എന്ന് തന്നെയാണ് സൂചന. അതിരാവിലെ ആരാധകർക്കൊപ്പം കുടുംബപ്രേക്ഷകരും ചിത്രം കാണാൻ തിയേറ്ററുകളിലെത്തിയിരുന്നു. മലയാള താരം മാത്യൂസ്, കേന്ദ്ര സ്‌ത്രീ കഥാപാത്രം തൃഷ എന്നിവരുടെ പ്രകടനവും ഗംഭീരമാണെന്ന് ആരാധകര്‍ പറയുന്നു.
തമിഴിന് പുറമെ തെലുഗു, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ 2D, ഐമാക്‌സ് ഫോര്‍മാറ്റുകളിലാണ് 'ലിയോ' പ്രദര്‍ശനത്തിനെത്തിയത്. അഡ്വാൻസ് ബുക്കിങ്ങിലൂടെ 2023ൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിൽപന നടത്തിയ ഇന്ത്യൻ ചിത്രം കൂടിയാണ് ലിയോ.