എറണാകുളം: കൊച്ചിയിലെ ലീനാ മരിയ പോളിൻ്റെ ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ വഴിത്തിരിവ്. വെടിവെപ്പ് ആസൂത്രണം ചെയ്തത് സിനിമാ നിർമ്മാതാവായ അജാസെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ജോസി ചെറിയാൻ അറിയിച്ചു. ലീന മരിയ പോളിൻ്റെ ബ്യൂട്ടിപാർലർ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് സിനിമ നിർമാതാവ് അടക്കം രണ്ടുപേരെ ക്രൈംബ്രാഞ്ച് പ്രതിചേർത്തു. അതേസമയം കേസിലെ പ്രതികളായ അജാസ്, മോനായി എന്ന നിസാം എന്നിവർ വിദേശത്തേക്ക് കടന്നതായാണ് സൂചന. ഗൂഢാലോചന, ഇടി തുടങ്ങിയ മലയാള സിനിമകളുടെ നിർമ്മാതാവാണ് അജാസ്. കേസുമായി ബന്ധപ്പെട്ട കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
രവി പൂജാരിയും ബ്യൂട്ടിപാർലർ ആക്രമിച്ചവരും തമ്മിലുള്ള കണ്ണി അജാസും കൂട്ടരുമാണെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. ഇവരുടെ നിർദ്ദേശപ്രകാരമാണ് വെടിവയ്പ് നടത്തിയതെന്നും ലീനയെക്കുറിച്ചുള്ള വിവരങ്ങൾ രവി പൂജാരിയ്ക്ക് കൈമാറിയത് അജാസാണെന്നും പൊലീസ് സംശയിക്കുന്നു. കഴിഞ്ഞ വർഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊച്ചിയിലെ നടി ലീന മരിയ പോളിൻ്റെ ബ്യൂട്ടി പാർലറിന് നേരെ 2018 ഡിസംബർ 15ന് ബൈക്കിലെത്തിയ രണ്ടുപേർ എയർ പിസ്റ്റൽ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു.
വെടിവെപ്പിന് ശേഷം രവി പൂജാരി എന്നെഴുതിയ കടലാസ് സ്ഥലത്ത് ഉപേക്ഷിച്ചാണ് സംഘം മടങ്ങിയത്. പിന്നീട് സംഭവത്തിൻ്റെ ഉത്തരവാദിത്വമേറ്റെടുത്ത് രവി പൂജാരി തന്നെ രംഗത്തെത്തിയതോടെയാണ് കേസ് കൂടുതൽ വിവാദമാകുന്നത്. കൊച്ചിയിലെ ബ്യൂട്ടിപാർലർ പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ നിറയൊഴിച്ച അക്രമികൾ ബൈക്കിൽ കടന്നു കളയുകയായിരുന്നു. വെടിവെപ്പ് നടത്തിയ രണ്ടുപേരെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് തോക്കും ബൈക്കും എത്തിച്ചു നൽകിയ കാസർകോട് സ്വദേശിയെയും പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചത്.