എറണാകുളം: എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസിൽ അഭിഭാഷകരെ കൂടി പ്രതിചേർത്തതിൽ പ്രതിഷേധം. ഹൈക്കോടതിയിൽ കേസ് നടപടികൾ അഭിഭാഷകർ ബഹിഷ്‌ക്കരിച്ചതോടെ കോടതി നടപടികൾ തടസപ്പെട്ടു. കോടതി വിട്ടിറങ്ങിയ അഭിഭാഷകർ പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.
എൽദോസ് കുന്നപ്പിള്ളിയുടെ അഭിഭാഷകനായ കുറ്റിയാനി സുധീർ അടക്കം മൂന്ന് പേർക്കെതിരെയായിരുന്നു വഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ്. പരാതിക്കാരിയെ അഭിഭാഷകന്‍റെ ഓഫിസിൽവച്ച് മർദിച്ചെന്ന കേസിലായിരുന്നു ഇവരെ പ്രതിയാക്കിയത്. സംഭവത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ 29ന് തിരുവനന്തപുരം, കൊല്ലം ബാറിലെ അഭിഭാഷകരും കോടതി ബഹിഷ്‌ക്കരിച്ചിരുന്നു.
അതിനിടെ, ഹൈക്കോടതിയിൽ സുരക്ഷ ശക്തമാക്കിക്കൊണ്ട് രജിസ്ട്രാർ ഉത്തരവിറക്കി. ഓൺലൈൻ പാസ് ഇല്ലാതെ ഇനി കക്ഷികൾക്കോ സന്ദർശകർക്കോ കോടതിയിലേക്ക് പ്രവേശിക്കാൻ ആകില്ല. ഹൈക്കോടതി കെട്ടിടത്തിന് മുകളിൽ കയറി ഹർജിക്കാരൻ ആത്മഹത്യാശ്രമം നടത്തിയ പശ്ചാത്തലത്തിലാണ് ഉത്തരവ്.