എറണാകുളം: ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ. ലക്ഷദ്വീപിലെ ചലചിത്ര പ്രവർത്തക ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കുറ്റം നിലനിൽക്കുമെന്നും ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ വിശദീകരണം നൽകി.
ബയോവെപ്പൺ പ്രയോഗിച്ചെന്ന വിവാദ പരാമർശത്തിലൂടെ കേന്ദ്ര സർക്കാരിനെതിരെ ജനങ്ങളിൽ വിദ്വേഷം വളർത്താനാണ് ഐഷ സുൽത്താന ശ്രമിച്ചത്. ഈയൊരു സാഹചര്യത്തിൽ രാജ്യദ്രോഹക്കുറ്റം നിലനിൽക്കുമെന്നും ലക്ഷദ്വീപ് സീനിയർ പൊലീസ് സൂപ്രണ്ടിന് വേണ്ടി അഭിഭാഷകൻ എസ്. മനു ഹൈക്കോടതിയെ അറിയിച്ചു.
Also Read: 'ആപ്പ്' ഇല്ലാതെ മദ്യം, ജൂൺ 17 മുതല്‍ ഔട്ട്ലെറ്റുകള്‍ വഴി
ലക്ഷദ്വീപുകാർക്കെതിരെ കേന്ദ്ര സർക്കാർ കൊവിഡിനെ ജൈവായുധമായി പ്രയോഗിച്ചെന്നായിരുന്നു ഐഷ സുൽത്താന ഒരു ചാനൽ ചർച്ചയിൽ പറഞ്ഞത്. ഇതു കേന്ദ്ര സർക്കാരിനോട് ജനങ്ങൾക്ക് വെറുപ്പും വിദ്വേഷവുമുണ്ടാക്കാൻ കാരണമാകും. ദ്വീപിലെ സമാധാന ജീവിതം തകർക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളതെന്നും അതിനാലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നും വിശദീകരണത്തിൽ പറയുന്നു.
ചൈന കൊവിഡ് രോഗം പടരാനിടയാക്കിയെന്ന ആരോപണത്തോടാണ് കേന്ദ്ര സർക്കാരിന്‍റെ നടപടികളെ ഐഷ താരതമ്യം ചെയ്‌തത്. അക്രമമുണ്ടായാലേ രാജ്യദ്രോഹക്കുറ്റം നിലനിൽക്കൂവെന്നില്ല. സർക്കാരിനെതിരായ വിമർശനമായി ഇതിനെ കാണാൻ കഴിയില്ല. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. വിശദമായി ചോദ്യം ചെയ്യാനാണ് ജൂൺ 20 നു ഹാജരാകാൻ നോട്ടീസ് നൽകിയതെന്നും പൊലീസ് വിശദീകരണം നൽകി.
Also Read: മൃതദേഹം എലി കരണ്ടത് ആശുപത്രിയുടെ വീഴ്ചയെന്ന് ഡി.എം.ഒ
അറസ്റ്റ് ചെയ്യുമെന്ന് ഭയപ്പെടാനുള്ള കാരണമൊന്നും ഹർജിയിൽ സൂചിപ്പിക്കുന്നില്ലെന്നും ഹർജിക്കാരി പബ്ളിസിറ്റിക്ക് വേണ്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയതെന്നും ലക്ഷദ്വീപ് പൊലീസ് കോടതിയിൽ ആരോപിച്ചു. അതേസമയം ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.