ആലുവയില്‍ തനിച്ച് താമസിക്കുകയായിരുന്ന വനിതാ ഡോക്ടറെ ബന്ദിയാക്കി 52 പവനും 70,000 രൂപയും കവര്‍ന്നു. ശനിയാഴ്ച പുലർച്ച രണ്ടരയോടെയാണ് സംഭവം. ചെങ്ങമനാടുള്ള ഡോക്ടർ ഗ്രേസി മാത്യുവിന്റെ വീട്ടിലാണ് മോഷണം. വീടിന്‍റെ പിറക് വശത്തെ വാതിൽ കുത്തി തുറന്ന് മോഷ്ടാക്കൾ അകത്ത് കടക്കുകയായിരുന്നു. ഗ്രേസി മാത്യു ഒറ്റയ്‍ക്കായിരുന്നു താമസിച്ചിരുന്നത്. ഭർത്താവ് ന്യൂയോർക്കിലും മകൻ നാവികസേനയിലുമാണ് ജോലിചെയ്യുന്നത്. ചെങ്ങമനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഗൈനക്കോളജിസ്റ്റാണ് ഗ്രേസി മാത്യു.
വീടിനുള്ളിൽ കടന്ന മോഷ്ടാക്കൾ ബെഡ്റൂമിൽ കയറിയതോടെ ഗ്രേസി മാത്യു ഉറക്കത്തിൽ നിന്ന് ഉണർന്നു. തുടർന്ന് മോഷ്ടാക്കൾ ഇവരെ ഭീഷണിപ്പെടുത്തുകയും ശരീരത്തിലണിഞ്ഞിരുന്ന ആഭരണങ്ങളടക്കം അഴിച്ചെടുക്കുകയുമായിരുന്നു. കൂടാതെ ലോക്കറിലുണ്ടായിരുന്ന പണവും ആഭരണങ്ങളും കവർന്നു. അക്രമികൾ മുഖം മറച്ചിരുന്നതായും ഒന്നരമണിക്കൂറോളം വീട്ടിൽ ചിലവഴിച്ചെന്നും ഗ്രേസി മാത്യു മൊഴി നൽകി. വിരലടയാള വിദഗ്ദ്ധരടക്കം വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു.