എറണാകുളം ലോക്സഭാ സീറ്റ് നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധവുമായി രംഗത്തെത്തിയ കെ വി തോമസ്, ഒടുവിൽ കോണ്‍ഗ്രസ് നേതൃത്വത്തിന് വഴങ്ങി. ഹൈബി ഈഡന്‍ എറണാകുളത്ത് ജയിക്കുമെന്നും സ്ഥാനാര്‍ഥിക്കായി പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നേതൃത്വത്തില്‍ പൂര്‍ണവിശ്വാസമുണ്ട്, പാര്‍ട്ടി ഏത് ചുമതല നല്‍കിയാലും ഏറ്റെടുക്കുമെന്നും കെ വി തോമസ് വ്യക്തമാക്കി. മൂന്ന് മണിയോടെ ഡൽഹി കേരള ഹൗസില്‍ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു കെ വി തോമസിന്റെ പ്രതികരണം.
തനിക്ക് സീറ്റ് ലഭിക്കാത്തതിലല്ല, തന്നോടുളള സമീപനത്തിലാണ് വിഷമം തോന്നിയത്. പ്രതിഷേധം പരസ്യമാക്കേണ്ടിവന്നത് പ്രത്യേക സാഹചര്യത്തിലാണ്. ബിജെപി ഒരു വാഗ്ദാനവും നൽകിയിട്ടില്ല. താന്‍ കോണ്‍ഗ്രസുകാരനാണ്. പുതുതായി കോണ്‍ഗ്രസുകാരനാക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും ഡല്‍ഹിയിലെ വീട്ടില്‍ ചർച്ചക്കെത്തിയ രമേശ് ചെന്നിത്തലയോട് കെ വി തോമസ് പറഞ്ഞിരുന്നു. എന്നാല്‍ സീറ്റ് നിഷേധിക്കാനുള്ള തീരുമാനം നേരിട്ടറിയിക്കാത്തതില്‍ കടുത്ത രോഷവും അദ്ദേഹം പ്രകടിപ്പിച്ചു.
ഇന്നലെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിനുളള കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഇതോടെ സീറ്റ് നൽകാത്തതിൽ പ്രതിഷേധവുമായി കെ വി തോമസ് രംഗത്തെത്തുകയായിരുന്നു, എന്ത് തെറ്റ് ചെയ്തെന്നും പ്രായമായത് തന്‍റെ കുറ്റമല്ലെന്നും താൻ ആകാശത്ത് നിന്ന് പൊട്ടിവീണതല്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.