എറണാകുളം : ആലുവ മൂന്നാർ രാജപാതയിൽ കുട്ടമ്പുഴ പഞ്ചായത്ത് ഭരണസമിതി സന്ദർശനം നടത്തി. പാത തുറന്നുനൽകുന്നതിന്‍റെ സാധ്യതകൾ പരിശോധിക്കുന്നതിനായിരുന്നു പര്യടനം. കുട്ടമ്പുഴ പഞ്ചായത്ത് പരിധിയിൽ കൂടി പാത കടന്നുപോകുന്ന സ്ഥലങ്ങളിലാണ് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്.
നിലവിലുള്ള ആലുവ മൂന്നാർ റോഡിനെ അപേക്ഷിച്ച് സഞ്ചാര ദൈർഘ്യം കുറയ്ക്കുന്നതും സമാന്തരപാതയായി ഉപയോഗിക്കാവുന്നതും താരതമ്യേന അപകട സാധ്യതയില്ലാത്തതുമാണ് പഴയ ആലുവ മൂന്നാർ രാജപാത.
കുട്ടമ്പുഴ,മാങ്കുളം പഞ്ചായത്തുകളിലെ ആദിവാസി മേഖലകളുടെ വികസനവും ടൂറിസം സാധ്യതയും അധികൃതരെ ബോധ്യപ്പെടുത്തി രാജപാത ഗതാഗതത്തിന് തുറന്നുനല്കുന്നതിനുള്ള മേൽനടപടികൾക്ക് ശുപാർശ ചെയ്യാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം.
പാത തുറന്ന് നൽകുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പുമായി കോടതിയിൽ കേസ് നടക്കുന്നുണ്ട്. ഇതിൽ കുട്ടമ്പുഴ പഞ്ചായത്തും കക്ഷി ചേർന്ന സാഹചര്യത്തിലാണ് സാധ്യതകൾ പഠിക്കാനുള്ള പരിശോധന.