കൊച്ചി: കുസാറ്റിൽ ടെക്ഫെസ്റ്റിനിടെയുണ്ടായ (CUSAT TECH FEST)തിക്കിലും തിരക്കിലും പെട്ട് വിദ്യാർത്ഥികൾ മരിക്കാനിടയായത് സംഘാടകരുടെ വീഴ്ചകൊണ്ടെന്ന് അപകടത്തിൽ നിന്നും രക്ഷപ്പെട്ട വിദ്യാർത്ഥികൾ. ക്യാമറയ്ക്ക് മുന്നിൽ സത്യസന്ധമായി കാര്യങ്ങൾ പറഞാൽ തുടർന്ന് ഇവിടെ പഠിക്കാൻ കഴിയില്ല. തങ്ങളുടെ ശബ്ദം പോലും കേൾപ്പിക്കരുതെന്നും വിദ്യാർത്ഥികളിൽ ചിലർ ഇ.ടി. വി ഭാരതി നോട് പറഞ്ഞു.
കുസാറ്റിലെ ഓഡിറ്റോറിയത്തിൽ സമാനമായ പരിപാടികൾ മുമ്പും നല്ല രീതിയിൽ സംഘടിപ്പിച്ചിരുന്നു. ഇന്നലെ സംഘാടകർ ഗേറ്റ് അടച്ചിടുകയും (GATE CLOSED) അവസാനനിമിഷം വിദ്യാർത്ഥികളെ കൂട്ടത്തോടെ പ്രവേശിപ്പിച്ചതുമാണ് അപകടത്തിലേക്ക് നയിച്ചത്. ആദ്യമായാണ് ഇത്തരത്തിൽ ഗേറ്റ് അടച്ചിട്ട് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നത്. അപകടം നടക്കുമ്പോൾ സംഘാടകരും തെരെഞ്ഞെടുക്കപ്പെട്ട കുറച്ച് വിദ്യാർത്ഥികളും മാത്രമാണ് ഓഡിറ്റോറിയത്തിൽ ഉണ്ടായിരുന്നത്. മറ്റു വിദ്യാർത്ഥികൾ കൂട്ടത്തോടെ പ്രവേശിച്ചതോടെ പടിക്കെട്ടിൽ നിന്നും വിദ്യാർത്ഥികൾ വീഴുകയായിരുന്നു. ഇവർക്ക് മുകളിലേക്ക് കൂടുതൽ പേർ വീണതോടെയാണ് അത്യാഹിതം സംഭവിച്ചത്.
ഓഡിറ്റോറിയത്തിന് ഉള്ളിലേക്ക് ഒരു തള്ളൽ ഉണ്ടായെന്നും ഉള്ളിലേക്ക് കടക്കാതെ മാറിനിന്നതിനാലാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടതെന്ന് വിദ്യാർത്ഥിയായ ദിയ പറഞ്ഞു. ഗേറ്റ് അടച്ചിട്ടതിനാൽ എല്ലാവരും ഒരുമിച്ച് കയറാനായി നിൽക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ സംഘാടകർ ഗേറ്റ് അടച്ചിട്ടതിനാലാണ് അപകടം സംഭവിച്ചത്. തിരക്ക് അനുഭവപ്പെട്ടതിനാൽ അകത്ത് കയറാതെ മാറി നിന്നതിനാലാണ് രക്ഷപെട്ടതെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
അതേ സമയം സംഘാടനത്തിൽ പിഴവ് സംഭവിച്ചതായി രഹസ്യാന്വേഷണ വിഭാഗവും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന് റിപ്പോർട്ട് നൽകിയതായാണ് സൂചന.
READ MORE; കുസാറ്റ് ദുരന്തം : തിക്കിലും തിരക്കിലും കൊല്ലപ്പെട്ടവര്‍ക്ക് കണ്ണീരോടെ വിടനല്‍കി വിദ്യാര്‍ഥികള്‍