എറണാകുളം: ലോകായുക്ത റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ ടി ജലീൽ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പ്രാഥമിക വാദം പൂർത്തിയായി. ലോകായുക്ത റിപ്പോർട്ട് തയ്യാറാക്കിയത് നടപടിക്രമങ്ങൾ പാലിച്ചല്ലെന്നാണ് കെ ടി ജലീലിന്‍റെ പ്രധാന വാദം.
സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷനിലെ ജനറൽ മാനേജരായി ബന്ധുവായ കെടി അദീബിനെ നിയമിച്ചത് നിയമവിരുദ്ധമെന്നും മുഖ്യമന്ത്രി യുക്തമായ നടപടി സ്വീകരിക്കണമെന്നും ലോകായുക്ത ഉത്തരവിൽ പറഞ്ഞിരുന്നു. ജലീല്‍ സ്വജനപക്ഷപാതം കാണിച്ചെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ജലീലിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ മുഖ്യമന്തി നടപടി സ്വീകരിക്കണമെന്നുമായിരുന്നു ലോകായുക്തയുടെ നിർദേശം. ലോകായുക്തയുടെ ഈ റിപ്പോർട്ട് റദ്ദാക്കണമെന്നും റിപ്പോർട്ട് നിയമപരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജലീൽ കോടതിയെ സമീപിച്ചത്.
കൂടുതൽ വായനക്ക്: കെ.ടി ജലീല്‍ ഹൈക്കോടതിയെ സമീപിച്ചു; ഹര്‍ജി നാളെ പരിഗണിക്കും
ലോകായുക്ത പ്രാഥമിക അന്വേഷണമോ, അന്തിമ അന്വേഷണമോ നടത്തിയിട്ടില്ല. അതിനാൽ ലോകായുക്ത റിപ്പോർട്ട് നിയമപരമല്ല. പരാതിക്കാരന്‍റെ വാദങ്ങളാണ് റിപ്പോർട്ടായി മാറിയതെന്നും എതിർ കക്ഷിയെ കേട്ടില്ലെന്ന വാദവും ജലീൽ കോടതിയിൽ ഉന്നയിച്ചു. ജലീലിന്‍റെ വാദങ്ങളെ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി പിന്തുണച്ചു.
അതേ സമയം സ്വന്തം നിലയിൽ അന്വേഷണം നടത്താൻ ലോകായുക്തക്ക് അധികാരം ഉണ്ടെന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. ഹർജി ഫയലിൽ സ്വീകരിക്കണമോയെന്ന കാര്യത്തിൽ വിധി പറയാനായി കേസ് ഹൈക്കോടതി അവധിക്കാല ബെഞ്ച് മാറ്റി വെച്ചു.
കൂടുതൽ വായനക്ക്: ലോകായുക്ത റിപ്പോര്‍ട്ടിനെതിരെ കെ.ടി ജലീല്‍ ഹൈക്കോടതിയിലേക്ക്