എറണാകുളം: മന്ത്രി കെ.ടി ജലീൽ രാജി വയ്‌ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ മാർച്ചിൽ ലാത്തിച്ചാർജ്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലേക്കാണ് കെ.എസ്.യു മാർച്ച് നടത്തിയത്. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദ് അസ്‌ലം, അജ്‌മൽ ആലുവ, ജില്ലാ പ്രസിഡന്‍റ് ബേബി അലോഷ്യസ് എന്നിവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എറണാകുളം ഡിസിസി ഓഫിസ് പരിസരത്ത് നിന്നും തുടങ്ങിയ മാർച്ച് കൊച്ചി കോർപ്പറേഷന് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് ബാരിക്കേഡുകൾ തള്ളി മാറ്റിയ കെ.എസ്.യു പ്രവർത്തകർക്ക് നേരെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. അതേസമയം സംഘർഷം ഒഴിവാക്കാൻ ശ്രമിച്ച ഡി.സി.സി വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മുത്തലിബ് എന്നിവരെ പൊലീസ് കയ്യേറ്റം ചെയ്‌തുവെന്ന് കെ.എസ്.യു ആരോപിച്ചു. കെ.എസ്.യു എറണാകുളം ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.