എറണാകുളം: മഹാരാജാസ് കോളജില്‍ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്‍റെ പ്രതിമ സ്ഥാപിച്ചതിൽ പ്രതിഷേധിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം ഉണ്ടായി. പ്രതിമയല്ല വേണ്ടത് പ്രതികളെയാണ് എന്ന മുദ്രാവാക്യവുമായി കലക്ടറുടെ ക്യാമ്പ് ഓഫീസിലേക്കാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. അഭിമന്യുവിനെ കുത്തിയ പ്രതിയെ പിടിക്കാതെ സർക്കാർ സ്ഥാപനത്തിൽ പ്രതിമ ഉണ്ടാക്കുന്നത് ലജ്ജാകരമെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് അലോഷി സേവ്യർ പറഞ്ഞു. എറണാകുളം ഡിസിസി വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. അഭിമന്യുവിന്റെ കൊലപാതകം സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണ്. അഭിമന്യുവിന്‍റെ കുടുംബത്തിന് വേണ്ടി പിരിച്ച പണം മുഴുവൻ കുടുംബത്തിന് കിട്ടിയില്ലെന്നും മുഹമ്മദ് ഷിയാസ് ആരോപിച്ചു.
എറണാകുളം ഡിസിസി ഓഫീസിൽ നിന്നും മഹാരാജാസിന്‍റെ കിഴക്കേ കവാടം ചുറ്റി കലക്ടറുടെ ക്യാമ്പ് ഓഫീസിന് മുന്നിൽ എത്തിയ മാർച്ച് പൊലീസ് തടഞ്ഞു. പ്രവർത്തകർ പൊലീസ് ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേ സമയം അഭിമന്യു കൊല ചെയ്യപ്പെട്ട് ഒരു വർഷം പൂർത്തിയാവുമ്പോഴും പ്രധാന പ്രതികളിൽ രണ്ടു പേരെ ഇനിയും അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.