അഞ്ച് ദിവസം നീണ്ടുനിന്ന കെ എസ് യു എറണാകുളം ജില്ലാ സമ്മേളനം സമാപിച്ചു. മതേതര ഇന്ത്യയുടെ നിലനിൽപ്പിനായി വിദ്യാർഥി മുന്നേറ്റം എന്ന് മുദ്രാവാക്യമുയർത്തിയ സമ്മേളനം കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് കെ എം അജിത് ഉദ്ഘാടനം ചെയ്തു.ഷുഹൈബ് രക്തസാക്ഷി ദിനത്തിന്‍റെ ഭാഗമായി നടത്തിയ യോഗത്തിൽ എറണാകുളം ജില്ലാ പ്രസിഡന്‍റ് അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തിൽ മറൈൻ ഡ്രൈവിൽ നിന്നും രാജേന്ദ്ര മൈതാനിയിലേക്ക് വിദ്യാർഥി റാലി നടത്തി.
കേരളത്തിലെ ക്യാമ്പസുകളിലെ വിദ്യാർഥികളെ എസ്എഫ്ഐ ക്വട്ടേഷൻ സംഘങ്ങളായി മാറ്റുകയാണെന്നും ക്യാമ്പസുകളിലെ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും ഉദ്ഘാടന പ്രസംഗത്തിൽ കെ എം അജിത് ആരോപിച്ചു.
അഭിമന്യുവിനെ കുത്തി എന്ന് പറയപ്പെടുന്ന ആളാണ് മുഹമ്മദ് ഷാഹിബ്. ആ ഷാഹിബ് ഇപ്പോഴും പിടികിട്ടാപ്പുള്ളിയായി മറ്റൊരിടത്ത് നിൽക്കുകയാണ്. കൂടാതെ നരേന്ദ്ര മോദി സർക്കാർ ഈ രാജ്യത്തെ ഇല്ലായ്മ ചെയ്ത് മുന്നോട്ടു പോകുകയാണ്. യുവജനതയെ മറന്നുകൊണ്ടുള്ള പ്രവർത്തനത്തിനാണ് മോദി സർക്കാർ നേതൃത്വം കൊടുക്കുന്നതെന്നും അജിത് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസങ്ങളിൽ ഡിസിസി ഓഫീസിൽ പ്രതിനിധി സമ്മേളനവും വനിതാ സമ്മേളനവും സംഘടിപ്പിച്ചിരുന്നു. ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച അനിൽ ആന്‍റണിയെ പരാമർശിച്ചുള്ള പ്രമേയവും ഏറെ ചർച്ചാവിഷയമായിരുന്നു.