എറണാകുളം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം എല്ലാ മാസവും 10-ാം തിയതിക്കകം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. കെഎസ്ആർടിസിക്ക് വേണ്ട സഹായം സർക്കാർ നൽകണമെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ നൽകിയ ഹർജികൾ തീർപ്പാക്കിക്കൊണ്ടാണ് കോടതി ഉത്തരവ്.
സർക്കാരിന്‍റെ സഹായം കെഎസ്ആർടിസിക്ക് നിഷേധിക്കാൻ പാടില്ല. എന്നാല്‍ കെഎസ്ആർടിസിയുടെ ബാധ്യതകൾ സർക്കാർ ഏറ്റെടുക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടെങ്കിലും ഇടപെടാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. കെഎസ്ആർടിസിയെ സർക്കാർ വകുപ്പാക്കണമെന്ന ജീവനക്കാരുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.
അതേസമയം, ജൂലൈ മാസത്തെ ശമ്പളം മുഴുവൻ നൽകിയെന്ന് കെഎസ്ആർടിസിയും 40 കോടി രൂപ ധനസഹായം അനുവദിച്ചിരുന്നുവെന്ന് സർക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്. ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ നൽകിയ ഹർജികളിൽ ഇറക്കിയ ഇടക്കാല ഉത്തരവുകൾ പലപ്പോഴും പാലിക്കപ്പടാത്തതിൽ നേരത്തെ ഹൈക്കോടതി പലതവണ സർക്കാരിനെയും കോർപ്പറേഷൻ എംഡിയെയും വിമർശിച്ചിരുന്നു.