എറണാകുളം: കെഎസ്ആർടിസിയുടെ ആസ്‌തികൾ (Assets of KSRTC) മൂല്യനിർണയം നടത്താൻ ഹൈക്കോടതി ഉത്തരവ് (High Court Order). സ്വകാര്യ ഏജൻസിയെ (Private Agency) ഉപയോഗിച്ച് മൂല്യനിർണയം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിനൊപ്പം വായ്‌പയ്‌ക്കായി പണയം വച്ചിട്ടുള്ള ആസ്‌തികളുടെ വിശദാംശങ്ങളും നൽകണം.
കെഎസ്ആർടിസിയുടെ ആസ്‌തി ബാധ്യതകൾ വ്യക്തമാക്കുന്ന ബാലൻസ് ഷീറ്റ് (Balance Sheet) സമർപ്പിക്കണമെന്നും ഹൈക്കോടതി കോർപ്പറേഷൻ എംഡിയോട് (KSRTC MD) നിർദേശിച്ചു. തൊഴിലാളികളുടെ വായ്‌പ തിരിച്ചടവ് മുടങ്ങിയതിനെതിരെ കെഎസ്ആർടിസി എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് ഉത്തരവ്.
കെഎസ്ആർടിസി ജീവനക്കാർക്ക് കോ ഓപ്പറേറ്റീവ് സൊസൈറ്റി വഴി വായ്‌പ നൽകുകയും ശമ്പളത്തിൽ നിന്നും തിരിച്ചടവ് തുക പിടിക്കുകയുമായിരുന്നു. എന്നാൽ ശമ്പളത്തിൽ നിന്നും പിടിച്ച തുക കെഎസ്ആർടിസി അടയ്ക്കാതെ വന്നതോടെ കോ ഓപ്പറേറ്റീവ് സൊസൈറ്റി നേരത്തെ ഹൈക്കോടതിയെ സമീപിച്ച് പണം തിരിച്ചടയ്ക്കാൻ അനുകൂല ഉത്തരവ് നേടുകയും ചെയ്‌തിരുന്നു. ഈ ഉത്തരവ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ആസ്‌തി ബാധ്യതകളുടെ കണക്ക് ഹൈക്കോടതി ആവശ്യപ്പെട്ടത്.
ശമ്പളം 10നകം നല്‍കണം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം എല്ലാ മാസവും 10-ാം തിയതിക്കകം നൽകണമെന്നും കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കെഎസ്ആർടിസിക്ക് വേണ്ട സഹായം സർക്കാർ നൽകണമെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു. ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ നൽകിയ ഹർജികൾ തീർപ്പാക്കിക്കൊണ്ടായിരുന്നു കോടതിയുടെ ഈ ഉത്തരവ്. സർക്കാരിന്‍റെ സഹായം കെഎസ്ആർടിസിക്ക് നിഷേധിക്കാൻ പാടില്ലെന്നും കോടതി അറിയിച്ചു.
എന്നാല്‍ കെഎസ്ആർടിസിയുടെ ബാധ്യതകൾ സർക്കാർ ഏറ്റെടുക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടെങ്കിലും ഇടപെടാനാവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. കെഎസ്ആർടിസിയെ സർക്കാർ വകുപ്പാക്കണമെന്ന ജീവനക്കാരുടെ ആവശ്യവും കോടതി അന്ന് അംഗീകരിച്ചിരുന്നില്ല. അതേസമയം, ജൂലൈ മാസത്തെ ശമ്പളം മുഴുവൻ നൽകിയെന്നും കെഎസ്ആർടിസിക്ക് 40 കോടി രൂപ ധനസഹായം അനുവദിച്ചിരുന്നുവെന്ന് സർക്കാരും കോടതിയെ അന്ന് അറിയിച്ചിരുന്നു.
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം പണമായി തന്നെ നൽകണമെന്നും മുമ്പ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കൂപ്പൺ അനുവദിക്കില്ലെന്നും ശമ്പളത്തിനും അലവൻസിനുമായുള്ള 40 കോടി രൂപ സഹായധനം സംബന്ധിച്ച് തീരുമാനം അറിയിക്കണമെന്നും ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചിരുന്നു. കെഎസ്ആർടിസി ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെയും വിതരണം ചെയ്യാത്തതോടെയായിരുന്നു ഹൈക്കോടതിയുടെ ഭാഗത്തുനിന്നും വീണ്ടും വിമർശനമുണ്ടായത്.
ശമ്പളം പണമായി തന്നെ നൽകണമെന്ന് കർശന നിലപാടെടുത്ത ജസ്‌റ്റിസ് ദേവൻ രാമചന്ദ്രന്‍റെ സിംഗിൾ ബഞ്ച് കൂപ്പൺ രീതി അനുവദിക്കില്ലെന്നും ഓർമ്മിപ്പിച്ചു. ധനസഹായം നൽകിയാലേ ശമ്പളം വിതരണം ചെയ്യാനാകൂവെന്ന് സർക്കാരിനറിയാമെന്നും പിന്നെന്തിനാണ് സഹായം നൽകുന്നത് വൈകിപ്പിക്കുന്നതെന്നും കോടതി ചോദിച്ചിരുന്നു.