എറണാകുളം: കോതമംഗലത്ത് സിനിമാ ചിത്രീകരണത്തിനെത്തിയ താരങ്ങൾക്ക് കൃഷി വിളവെടുപ്പിനും അവസരം. 'കാണ്മാനില്ല' എന്ന സിനിമയുടെ ഷൂട്ടിങ്ങിനാണ് നിർമാതാവ് കൂടിയായ കോതമംഗലം സ്വദേശി അഡ്വ.ഷിബു കുര്യാക്കോസിന്റെ വീട്ടിൽ താരങ്ങൾ എത്തിയത്. താരങ്ങളായ മിയ, നയന , ഷൈജു കുറുപ്പ് എന്നിവരാണ് ഷിബുകുര്യാക്കോസിന്‍റെ വീട്ടിലെ മട്ടുപ്പാവ് കൃഷിയുടെ വിളവെടുപ്പ് നടത്തിയത്.
പയർ, വെണ്ട, ചീര ,ഇഞ്ചി, സെലറി തുടങ്ങിയവയും മട്ടുപ്പാവിൽ വളരുന്നുണ്ട്. വിശാലമായ ടെറസിൽ മൂന്നടി ഉയരത്തിൽ ഡിഷുകൾ ഉണ്ടാക്കി അതിലാണ് മുളക് ഉൾപ്പെടെയുള്ള പച്ചക്കറികൾ നട്ടിരിക്കുന്നത്. പച്ചക്കറികൾ പരിചരിക്കാനും നിരീക്ഷിക്കാനും സൗകര്യപ്രദമായ രീതിയിൽ ആണ് കൃഷിയിടം തയ്യാറാക്കിയിരിക്കുന്നത്. ജലസേചനത്തിനായി തുള്ളി നന സംവിധാനമാണ് സജ്ജമാക്കിയിരിക്കുന്നത്.
മട്ടുപ്പാവിലെ ആധുനികരീതിയിലുള്ള കൃഷിയെ കുറിച്ച് ചോദിച്ചറിഞ്ഞ നടി മിയ തന്‍റെ വീട്ടിലും ഇതേ തരത്തിൽ ഒരു കൃഷിയിടം തയ്യാറാക്കുമെന്ന് ആവേശത്തോടെയാണ് പറഞ്ഞത്. മഴയും വെയിലും ഏൽക്കാതെ ആയാസരഹിതമായി കൃഷി പരിപാലനം സാധ്യമാകും എന്നതാണ് ഈ രീതിയിലുള്ള കൃഷിയോട് താത്പര്യം തോന്നാൻ കാരണമെന്ന് മിയയും, നയനയും പറഞ്ഞു.
എല്ലാ ദിവസവും കേവലം അരമണിക്കൂർ സമയം ചെലവഴിച്ചാൽ ഈ രീതിയിലുള്ള കൃഷിയിടം ആർക്കും തയ്യാറാക്കാൻ കഴിയുമെന്നാണ് കലാപ്രേമിയും, പൊതു പ്രവർത്തകനുമായ അഡ്വ.ഷിബു കുര്യാക്കോസിന്റെ അഭിപ്രായം. തിരക്കിട്ട ജീവിതത്തിനിടയിൽ മാനസിക ഉൻമേഷം ലഭിക്കാൻ ഏറ്റവും നല്ല മാർഗ്ഗം ആയിട്ടാണ് ഈ ജൈവ പച്ചക്കറി കൃഷിയെ അദ്ദേഹം കാണുന്നത്.