എറണാകുളം: കൊവിഡ്-19 രോഗഭീതി പൈനാപ്പിൾ വിപണി തകരാന്‍ കാരണമായതായി കര്‍ഷകര്‍. മികച്ച വിലയാണ് ഇക്കുറി വിപണിയില്‍ നിന്നും ലഭിച്ചിരുന്നത്. കഴിഞ്ഞയാഴ്ച കിലോക്ക് 30 രൂപ വരെ വിലയുണ്ടായിരുന്ന പൈനാപ്പിളിന് ശനിയാഴ്ച വില 20 രൂപയായി വില താഴ്ന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പൈനാപ്പിൾ വിപണിയായ വാഴക്കുളം മാർക്കറ്റിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ ദിനംപ്രതി നൂറിലധികം ലോഡ് പൈനാപ്പിളായിരുന്നു കയറ്റി പോയിരുന്നത്.
കൊവിഡ്-19 ഭീതിയുടെ പശ്ചാത്തലത്തിൽ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് അടക്കം ചരക്ക് വേണ്ടന്നറിയിച്ച് ഫോൺ കോളുകൾ എത്തി. അവിടെ മാർക്കറ്റുകൾ പലതും അടച്ചതും, ജനങ്ങൾ പുറത്തിറങ്ങാൻ മടിക്കുന്നതും വിനയായി. വടക്കേ ഇന്ത്യയിലടക്കം സീസൺ ആരംഭിച്ചു കഴിഞ്ഞിരിക്കെ മികച്ച വില പ്രതിക്ഷിച്ച് കൃഷി ഇറക്കിയവർ വെട്ടിലായിരിക്കുകയാണ്.
കാലാവസ്ഥ വ്യതിയാനം മൂലം നേരത്തെ തന്നെ ശക്തമായ വെയിൽ ആരംഭിച്ചതോടെ പൈനാപ്പിളിന് ആവശ്യക്കാർ ഏറെയായിരുന്നു. ഇതിനിടെ പതിവിനു വിപരിതമായി കൃഷിക്ക് കൂടുതൽ തുക ചെലവഴിക്കേണ്ടതായും വന്നു .
പലരും പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. കർഷകരെ രക്ഷിക്കാൻ ഗവ. കൃഷിക്കാർക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് ബേബി ജോൺ പറഞ്ഞു.