എറണാകുളം: കോതമംഗലം ചെറിയപള്ളി ജില്ലാ കലക്‌ടർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. സുപ്രീം കോടതി വിധി പ്രകാരം ഓർത്തഡോക്‌സ് വിഭാഗത്തിനാണ് പള്ളിയുടെ ഉടമസ്ഥാവകാശം. എന്നാൽ യാക്കോബായ വിഭാഗം കൈവശം വച്ചിരിക്കുന്ന പള്ളിയിൽ ഓർത്തഡോക്‌സ് വിഭാഗത്തിന് ഇതുവരെ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല . ഇത് ചൂണ്ടിക്കാട്ടി തോമസ് പോള്‍ റമ്പാൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
പള്ളിയിലുള്ള യാക്കോബായ വിശ്വാസികളെ പൂർണമായും ഒഴിപ്പിച്ചശേഷം ജില്ലാ കലക്ടർ പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. പള്ളിയിൽനിന്ന് യാക്കോബായ വിശ്വാസികളെ ഒഴിപ്പിക്കാൻ ആവശ്യമായ നടപടികൾ ജില്ലാ കലക്ടർ സ്വീകരിക്കണമെന്നും ഏറ്റവും വേഗത്തിൽ അക്കാര്യങ്ങൾ പൂർത്തിയാക്കണമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു.
ആവശ്യമെങ്കിൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് അധികാരം കലക്ടർക്ക് ഉപയോഗിക്കാമെന്നും കോടതി നിർദേശിച്ചു. പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തശേഷം ഹർജിക്കാരനായ തോമസ് പോൾ റമ്പാന് പള്ളിക്കകത്ത് കയറി പ്രാർഥന നടത്താൻ അവസരമൊരുക്കണമെന്നും സംരക്ഷണം നൽകണമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.