എറണാകുളം: കോതമംഗലം മാർത്തോമൻ ചെറിയപള്ളി ഏറ്റെടുക്കാൻ കേന്ദ്രസേനയ്‌ക്ക് നിർദേശം നല്‍കിയ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പള്ളി ഒരു മാസത്തിനകം സർക്കാർ ഏറ്റെടുത്തില്ലെങ്കില്‍ ജനുവരി എട്ടിന് ശേഷം കേന്ദ്രസേന ഏറ്റെടുക്കണമെന്നായിരുന്നു സിംഗിൾ ബഞ്ചിന്‍റെ ഉത്തരവ്.
കേന്ദ്രസേന പള്ളി ഏറ്റെടുക്കണമെന്ന കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്നും സംസ്ഥാനത്തിന്‍റെ ഭരണഘടന അവകാശങ്ങളിൻമേലുള്ള ഇടപെടലാണെന്നുമാണ് സർക്കാരിന്‍റെ വാദം. കൊവിഡ് സാഹചര്യം മൂലം വിധി നടപ്പാക്കാനായില്ല. ഏറ്റെടുക്കലിനെ യാക്കോബായ പക്ഷം ശക്തമായി പ്രതിരോധിക്കുമെന്നും ബലം പ്രയോഗിച്ചാല്‍ രക്‌തച്ചൊരിച്ചിലിന് സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ റിപ്പോർട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രി മുൻകൈ എടുത്ത് ചർച്ച നടത്തുന്നുണ്ടെന്നും സർക്കാർ ചൂണ്ടികാണിക്കുന്നു.