എറണാകുളം: കോലഞ്ചേരി പീഡന കേസ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു. പ്രതികൾ മൊഴിയെടുപ്പിൽ പറഞ്ഞ 12 തെളിവുകളാണ് പൊലീസ് ശേഖരിച്ചത്. ഒന്നാം പ്രതി മുഹമ്മദ് ഷാഫി, രണ്ടും മൂന്നും പ്രതികളായ ഓമന, മനോജ് എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്. അന്വേഷണ ചുമതലയുള്ള മുവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ മറ്റന്നാൾ കോടതിയിൽ ഹാജരാക്കും.
ഒന്നാം പ്രതി മുഹമ്മദ് ഷാഫിയെ പെരുമ്പാവൂർ വാഴക്കുളത്ത് എത്തിച്ച് തെളിവെടുക്കും. പ്രതി ഓടിച്ചിരുന്ന ട്രക്ക് പാർക്ക് ചെയ്തിരിക്കുന്ന വെയ് ബ്രിഡ്ജിൽ എത്തിയാണ് തെളിവെടുക്കുന്നത്. കൃത്യം നടന്നതിന് ശേഷം പ്രതി ഇതേ വാഹനത്തിലാണ് രക്ഷപ്പെട്ടത്. കേസിൽ സാക്ഷി മൊഴികൾ ഇല്ലാത്തതിനാൽ സാഹചര്യ തെളിവുകൾ ആണ് പ്രധാനം.
പ്രതികളുടെ കൊവിഡ് ടെസ്റ്റ് റിസൾട്ട് വരാൻ കത്തുനിന്നതാണ് തെളിവെടുപ്പിന് കാലതാമസം നേരിട്ടതെന്ന് ഡിവൈഎസ്പി പറഞ്ഞു. മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പൊലീസ് കോടതിയിൽ നൽകിയിരുന്നത്. നിലവിൽ പ്രതികളുടെ മേൽ പീഡനത്തിനും പട്ടികജാതി പീഡന നിരോധന നിയമം പ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്.