എറണാകുളം: മിശ്രവിവാഹം ചെയ്‌ത കോടഞ്ചേരി സ്വദേശിനി ജോയ്‌സ്‌നയെ ഹൈക്കോടതി ഭർത്താവിനൊപ്പം വിട്ടു. യുവതിയുടെ പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി കോടതി തീർപ്പാക്കി. സ്വന്തം ഇഷ്‌ടപ്രകാരം ഷെജിനൊപ്പം പോവുകയായിരുന്നെന്നും ജോയ്‌സ് കോടതിയെ അറിയിച്ചു.
തങ്ങള്‍ വിവാഹിതരായി ജീവിക്കുകയാണെന്നും ഭർത്താവിനൊപ്പം കഴിയണമെന്ന തീരുമാനത്തിൽ മാറ്റമില്ലന്നും ജോയ്‌സ്‌ന കോടതിയില്‍ പറഞ്ഞു. അതേസമയം, മകളെ ബ്രെയ്‌ന്‍ വാഷ് ചെയ്‌തിരിക്കുകയാണെന്നും യുവതി രാജ്യം വിട്ടുപോകുമെന്ന് ആശങ്കയുണ്ടെന്നും പിതാവ് കോടതിയെ അറിയിച്ചു. യുവതി ആവശ്യത്തിന് ലോക പരിചയം ഉള്ള ആളാണെന്നും കുടുംബത്തിൻ്റെ ആശങ്ക മനസിലാക്കുന്നുവെന്നും കോടതി പറഞ്ഞു.
ALSO READ | 'മുസ്‌ലിം യുവാക്കളുടെ മിശ്ര വിവാഹങ്ങള്‍ ആശങ്ക'; കോടഞ്ചേരി വിവാദത്തില്‍ ദീപിക ദിനപത്രം
ഇപ്പോള്‍ ഭർത്താവിൻ്റെ കൂടെ പോകുന്നു എന്നാണ് യുവതി പറയുന്നത്. വിവാഹത്തിന് ശേഷം എന്ത് ചെയ്യണം എന്ന് അവർ തീരുമാനിക്കും. ജോയ്‌സ്‌നയ്‌ക്ക് സ്വന്തമായി തീരുമാനം എടുക്കാനുള്ള പക്വത ആയിട്ടുണ്ട്. അച്ഛനുമായി ഇപ്പോള്‍ സംസാരിക്കേണ്ട എന്ന് യുവതി പറയുന്നു.
ജോയ്‌സ്‌നയുടെ തീരുമാനത്തിൽ ഇടപെടേണ്ട സാഹചര്യമില്ല. ഇക്കാര്യത്തില്‍ ഇടപെടുന്നതിൽ പരിമിതിയുണ്ടെന്നും കോടതി വ്യക്തമാക്കി. ഇതോടെ ഹേബിയസ് കോർപ്പസ് ഹർജി കോടതി തീർപ്പാക്കുകയായിരുന്നു.