എറണാകുളം : കൊടകര കുഴൽപ്പണ കേസിൽ തെരഞ്ഞെടുപ്പ് കമ്മിഷന്‍, എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ്,ആദായ നികുതി വിഭാഗം എന്നീ കേന്ദ്ര ഏജൻസികൾക്ക് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലുകൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട്.
Read More: കൊടകര കേസിലെ കുറ്റപത്രം സിപിഎമ്മിന്‍റെ രാഷ്ട്രീയ പ്രമേയം: കെ.സുരേന്ദ്രന്‍
ബി.ജെ.പി കള്ളപ്പണം ഉപയോഗിച്ച് നിയമസഭ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചോ എന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷിക്കണം എന്നാണ് പൊലീസിന്‍റെ ശുപാർശ.
കുഴൽപ്പണ കവർച്ചാക്കേസിൽ ഇരുപത്തിരണ്ട് പേർക്കെതിരായ കുറ്റപത്രം പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. കുറ്റപത്രം നല്‍കി ഒരാഴ്‌ചയ്ക്ക് ശേഷമാണ് പൊലീസ് കേന്ദ്ര ഏജൻസികൾക്ക് റിപ്പോർട്ട് നൽകുന്നത്.
കള്ളപ്പണ ഇടപാടിനെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസികൾക്കും ഇലക്ഷൻ കമ്മിഷനും റിപ്പോർട്ട് നൽകുമെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.
ഹവാല ഇടപാടുകളും, കളളപ്പണ ഇടപാടുകളും ഇഡിയും ആദായ നികുതി വകുപ്പുമാണ് അന്വേഷിക്കേണ്ടത്. നിയമസഭ തെരെഞ്ഞെടുപ്പിൽ കള്ളപ്പണം ഉപയോഗിച്ചതിനെ കുറിച്ച് കമ്മിഷനും വിശദമായ അന്വേഷണം നടത്തണമെന്നാണ് പൊലീസ് അവശ്യപ്പെടുന്നത്.
കുറ്റപത്രത്തിന്‍റെ പകർപ്പ് ഇഡിക്കും, ആദായ നികുതി വകുപ്പിനും കൈമാറും. കൊടകര കുഴൽപ്പണക്കേസിൽ പ്രാഥമിക റിപ്പോർട്ട് നേരത്തെ കേന്ദ്ര ഏജൻസികൾക്ക് നൽകിയിരുന്നു.
കേരള പൊലീസ് അന്വേഷിച്ചത് കവർച്ചയെക്കുറിച്ച് മാത്രം
സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും മകനും ഉൾപ്പടെ 19 ബിജെപി നേതാക്കളാണ് കേസിലെ സാക്ഷികൾ. കവർച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് കുറ്റപത്രത്തിലുള്ളത്.
തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ മാർഗ നിർദേശങ്ങള്‍ക്ക് വിരുദ്ധമായി ബിജെപി പ്രചാരണത്തിനായി പണം ചെലവഴിച്ചുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ്, ബിജെപി പ്രചാരണത്തിനായി എത്തിച്ച മൂന്നരക്കോടി രൂപ കൊടകര ദേശീയപാതയിൽവച്ച് ക്രിമിനൽ സംഘം കവർന്നത്.
ഇതിൽ ഒരു കോടി 45 ലക്ഷം രൂപയും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കർണാടകത്തിൽ നിന്നും കേരളത്തിലെത്തിച്ച് വിവിധ ജില്ലകളിലായി വിതരണം ചെയ്തത് 40 കോടി രൂപയാണ്.
അതിൽ 17 കോടി നേരിട്ടും 23 കോടി രൂപ കോഴിക്കോടുള്ള ഹവാല ഏജന്‍റുമാർ വഴിയുമാണ് എത്തിച്ചത്. കേസിലെ മൂന്നാം സാക്ഷി ധനരാജിന്‍റെ നേതൃത്വത്തിൽ എത്തിച്ച 4.4 കോടി രൂപ സേലത്തുവച്ചും 3.5 കോടി കൊടകരയിൽ വച്ചും കവർച്ച ചെയ്യപ്പെട്ടെന്നാണ് പൊലീസ് കണ്ടെത്തിയത്.
കൊടകര കുഴൽപ്പണ കേസിലെ കവർച്ചയെ കുറിച്ച് മാത്രമാണ് കേരള പൊലീസ് അന്വേഷിച്ചത്.