എറണാകുളം: കൊച്ചിയിൽ മുഖ്യമന്ത്രിക്കെതിരായി യൂത്ത് കോൺഗ്രസിൻ്റെ കരിങ്കൊടി പ്രതിഷേധം. സ്വർണക്കടത്ത് കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വെള്ളിയാഴ്‌ച (29.07.2022) രാവിലെ 11.30ന് ആലുവ കമ്പനിപ്പടി ഭാഗത്തുവച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്‍റോ പി ആന്‍റു, എറണാകുളം ജില്ല സെക്രട്ടറി രാജേഷ് പുത്തനങ്ങാടി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്. പൊലീസിന്‍റെ കണ്ണുവെട്ടിച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേർക്ക് പ്രവർത്തകർ ചാടിവീണത്. തുടർന്ന്, പ്രവര്‍ത്തകരെ ബലപ്രയോഗത്തിലൂടെ പൊലീസ്, സ്റ്റേഷനിലേക്ക് മാറ്റി.