എറണാകുളം : അന്താരാഷ്‌ട്ര മാരിടൈം ഇന്ത്യ സമ്മിറ്റ് (Global Maritime India Summit) പുരസ്‌കാര നിറവിൽ കൊച്ചി വാട്ടർ മെട്രോ (Kochi Water Metro). കേന്ദ്ര തുറമുഖ - ഷിപ്പിംഗ് - ജലപാത മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ ഒക്ടോബർ 17 മുതൽ 19 വരെ മുംബൈയിൽ നടന്ന ഗ്ലോബൽ മാരിടൈം ഇന്ത്യ സമ്മിറ്റിലാണ് കൊച്ചി വാട്ടർ മെട്രോ ശ്രദ്ധാകേന്ദ്രമായത്. അന്താരാഷ്‌ട്ര മാരിടൈം ഏജൻസികളുടെ സംഗമത്തിൽ കൊച്ചി വാട്ടർ മെട്രോ രണ്ട് അവാർഡുകളാണ് കരസ്ഥമാക്കിയത്.
ഫെറി സർവീസുകളിലെ മികവിനും ഉൾനാടൻ ജലപാതകളെ ബന്ധിപ്പിച്ചുള്ള നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മികച്ച സേവനങ്ങളും സൗകര്യങ്ങളും നൽകുന്ന ടെർമിനലുകൾ ഒരുക്കിയതിനുമുള്ള അവാർഡുകളാണ് കൊച്ചി വാട്ടർ മെട്രോ സ്വന്തമാക്കിയത്. കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയൽ, ശ്രീപദ് നായിക് എന്നിവരിൽ നിന്ന് കൊച്ചി വാട്ടർ മെട്രോയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സാജൻ പി ജോൺ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. സർവീസ് ആരംഭിച്ച് ആറ് മാസത്തിനകം 10 ലക്ഷത്തിലധികം ആളുകളാണ് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്‌തത്.
അന്താരാഷ്ട്ര തലത്തിലെ മാരിടൈം മേഖലകളിലെ പ്രമുഖർ പങ്കെടുത്ത മൂന്ന് ദിവസം നീണ്ടുനിന്ന ഉച്ചകോടി വഴി രാജ്യത്തെ മാരിടൈം മേഖലയ്ക്ക് മികച്ച പിന്തുണയാണ് ലഭിച്ചത്. മാരിടൈം മേഖലയിൽ 8.35 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനാണ് ഉറപ്പ് ലഭിച്ചത്. 50 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുത്തു.
10 ലക്ഷം യാത്രക്കാർ : ജലഗതാഗത രംഗത്ത് വലിയ മാറ്റം കൊണ്ടുവന്ന കൊച്ചി വാട്ടര്‍ മെട്രോ സർവീസ് തുടങ്ങി ആറ് മാസം പൂർത്തിയാകുന്നതിന് മുൻപ് തന്നെ വാട്ടർ മെട്രോയിൽ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം പത്ത് ലക്ഷം എന്ന നേട്ടം കൈവരിച്ചിരുന്നു. കഴിഞ്ഞ ദിവസം മലപ്പുറം മഞ്ചേരി സ്വദേശി സൻഹ ഫാത്തിമയാണ് പത്ത് ലക്ഷം തികച്ച യാത്രക്കാരി. ആറാം ക്ലാസ് വിദ്യാർഥിയാണ് സൻഹ.
കുടുംബത്തോടൊപ്പം ഹൈക്കോർട്ട് ജംഗ്‌ഷൻ ടെർമിനലിൽ നിന്ന് വൈപ്പിൻ വാട്ടർ മെട്രോ ടെർമിനലിലേക്ക് യാത്ര ചെയ്യാൻ എത്തിയപ്പോഴാണ് 10 ലക്ഷം എന്ന ഭാഗ്യ നമ്പറിൽ യാത്ര ചെയ്യുന്നത് താനാണെന്ന് സന്‍ഹ മനസിലാക്കിയത്. തുടർന്ന് കെഎംആർഎൽ അധികൃതർ സൻഹയ്‌ക്ക് ഉപഹാരം നൽകിയിരുന്നു. കൊച്ചി വാട്ടര്‍ മെട്രോ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒക്‌ടോബർ 26 നാണ് ആറ് മാസം പൂർത്തിയായത്.
ഈ ചുരുങ്ങിയ കാലയളവില്‍ 10 ലക്ഷം പേർ ഈ സേവനം ഉപയോഗിച്ച് യാത്ര ചെയ്‌തത് വാട്ടർ മെട്രോ ജനങ്ങൾ വലിയ തോതിൽ സ്വീകരിച്ചതിന്‍റെ തെളിവാണ്. ഒരു ഡസൻ ബോട്ടുകളുമായി ഹൈക്കോര്‍ട്ട് ജംഗ്‌ഷന്‍- വൈപ്പിന്‍-ബോള്‍ഗാട്ടി ടെര്‍മിനലുകളില്‍ നിന്നും വൈറ്റില- കാക്കനാട് ടെര്‍മിനലുകളില്‍ നിന്നുമാണ് നിലവില്‍ സര്‍വീസ് ഉള്ളത്.
പുതിയ സജ്ജീകരണങ്ങൾ : ഹൈക്കോര്‍ട്ട് ജംഗ്‌ഷനില്‍ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സര്‍വീസാണ് അടുത്തതായി ആരംഭിക്കുക. ഇതിനായുള്ള സജ്ജീകരണങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഫോര്‍ട്ട് കൊച്ചി, മുളവുകാട് നോര്‍ത്ത്, വില്ലിംഗ്‌ടണ്‍ ഐലന്‍ഡ്, കുമ്പളം, കടമക്കുടി, പാലിയംതുരുത്ത് ടെര്‍മിനലുകളുടെയും നിര്‍മാണം പുരോഗമിക്കുകയാണ്. പ്രധാന ടെര്‍മിനലുകളില്‍ ഒന്നായ ഫോര്‍ട്ട് കൊച്ചി ടെര്‍മിനലിന്‍റെ നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കുവാനാണ് ലക്ഷ്യമിടുന്നത്. മട്ടാഞ്ചേരി ടെര്‍മിനലിന്‍റെ നിര്‍മാണത്തിനായുള്ള ടെന്‍ഡര്‍ നടപടികളും പുരോഗമിക്കുകയാണ്.
വാട്ടര്‍ മെട്രോയുടെ ഇലക്‌ട്രിക് - ഹൈബ്രിഡ് ബോട്ടുകള്‍ അന്താരാഷ്‌ട്ര തലത്തിലും ശ്രദ്ധ നേടിക്കഴിഞ്ഞു. ഇലക്‌ട്രിക് ബോട്ടുകള്‍ക്കായുള്ള രാജ്യാന്തര പുരസ്‌കാരമായ ഗുസീസ് ഇലക്‌ട്രിക് ബോട്ട്‌സ് അവാര്‍ഡില്‍ പൊതുഗതാഗത ബോട്ടുകളുടെ വിഭാഗത്തില്‍ കൊച്ചി വാട്ടര്‍ മെട്രോ പുരസ്‌കാരം നേടിയിരുന്നു. ഇക്കണോമിക് ടൈംസ് ഏര്‍പ്പെടുത്തിയ 2023ലെ എനര്‍ജി ലീഡര്‍ഷിപ്പ് അവാര്‍ഡിലും മാരിടൈം മേഖലയിലെ ഷിപ്‌ടെക് പുരസ്‌കാരത്തിലും ഇന്‍റര്‍നാഷണല്‍ പ്രൊജക്‌റ്റ് മാനേജ്‌മെന്‍റ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിലും കൊച്ചി വാട്ടര്‍ മെട്രോ തിളങ്ങി.
കൊച്ചി വാട്ടര്‍ മെട്രോയുടെ പ്രത്യേകതകൾ : ഭിന്നശേഷി സൗഹൃദമായാണ് ടെര്‍മിനലുകളും ബോട്ടുകളും സജ്ജീകരിച്ചിരിക്കുന്നത്. വീല്‍ചെയറില്‍ വരുന്ന വ്യക്തിക്ക് പരസഹായമില്ലാതെ ബോട്ടില്‍ പ്രവേശിക്കാം. വേലിയേറ്റ - വേലിയിറക്ക സമയങ്ങളിലും ബോട്ട് ഒരേ ലെവലില്‍ നില്‍ക്കാനുതകുന്ന ഫ്‌ളോട്ടിംഗ് പോണ്ടൂണുകള്‍ കൊച്ചി വാട്ടര്‍ മെട്രോയുടെ പ്രത്യേകതയാണ്. യാതൊരു തരത്തിലുള്ള മലിനീകരണത്തിനും ഇടവരാത്ത രീതിയിലാണ് വാട്ടര്‍ മെട്രോയുടെ പ്രവര്‍ത്തനം.
തുച്ഛമായ തുകയില്‍ സുരക്ഷിതമായ യാത്രയാണ് കൊച്ചി വാട്ടര്‍ മെട്രോയുടെ ബോട്ടുകളില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ബോട്ട് യാത്രയ്ക്കായുള്ള മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. സ്ഥിരം യാത്രികര്‍ക്കായി പ്രതിവാര- പ്രതിമാസ പാസുകളും ഉണ്ട്. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടര്‍ മെട്രോയിലും യാത്ര ചെയ്യാം.