എറണാകുളം: നഗര ഗതാഗത രംഗത്തെ പുതിയ സാധ്യതകൾ ചർച്ച ചെയ്യുന്ന അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസിന് തുടക്കമായി. കേന്ദ്ര നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് കോൺഫറൻസിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. നഗരപ്രദേശങ്ങളിൽ തടസ്സമില്ലാത്ത പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളെ കുറിച്ചാണ് സമ്മേളനം ചർച്ച ചെയ്യുന്നതെന്ന് കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.
വ്യക്തിഗത വാഹനങ്ങളിൽ നിന്ന് പൊതുഗതാഗത സംവിധാനത്തിലേക്ക് മാറാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സംവിധാനം സൃഷ്‌ടിക്കുകയാണ് സമ്മേളനത്തിന്‍റെ ലക്ഷ്യം. 2022 സെപ്‌റ്റംബർ വരെ 810 കിലോമീറ്റർ മെട്രോ ലൈൻ 20 നഗരങ്ങളിലായി പ്രവർത്തനക്ഷമമാണെന്നും 980 കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഒരു ശൃംഖല നിലവിൽ 27 നഗരങ്ങളിൽ നിര്‍മാണത്തിലാണെന്നും മന്ത്രി പറഞ്ഞു. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ മെട്രോ ശൃംഖലയാണ് ഇന്ത്യയെന്നും താമസിയാതെ ജപ്പാനും ദക്ഷിണ കൊറിയയും പോലുള്ള വികസിത സമ്പദ്‌വ്യവസ്ഥകളെ മറികടന്ന് മൂന്നാമത്തെ വലിയ നെറ്റ്‌വർക്കാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗതാഗതം മാറും: ഈ മാറ്റങ്ങള്‍ ഗതാഗതക്കുരുക്ക് കുറയ്‌ക്കുകയും വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും. 10 ദ്വീപുകളെ 15 റൂട്ടുകളിലൂടെ ബന്ധിപ്പിച്ച് 78 കിലോമീറ്റർ ശൃംഖലയിൽ പ്രതിദിനം ഒരു ലക്ഷത്തിലധികം ആളുകൾ യാത്ര ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന നൂതന വാട്ടർ മെട്രോ പദ്ധതി നടപ്പിലാക്കിയതിന് കൊച്ചി മെട്രോയെ മന്ത്രി അഭിനന്ദിച്ചു. റോഡ്, റെയിൽ ഗതാഗതത്തേക്കാൾ ഉൾനാടൻ ജലഗതാഗതം കൂടുതൽ ഊർജക്ഷമതയുള്ളതിനാൽ പ്രതിദിന യാത്രക്കാർക്ക് വിലകുറഞ്ഞതും സുസ്ഥിരവുമായ ബദൽ വാട്ടർ മെട്രോ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സംസ്ഥാനമൊട്ടാകെ പൊതുഗതാഗത സംവിധാനത്തെ മാറ്റുന്നതിൽ സർക്കാർ ശ്രദ്ധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വീഡിയോ കോൺഫറൻസിങിലൂടെയായിരുന്നു മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം നടത്തിയത്.
കൊച്ചി, പഴയ കൊച്ചിയല്ല: കൊച്ചി സ്‌മാർട്ട് സിറ്റി മിഷൻ പദ്ധതിക്ക് ഇതുവരെ 691 കോടി രൂപ ചെലവാക്കിയതായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി തുടർന്ന് നടത്തിയ വാർത്താസമ്മേനത്തിൽ വ്യക്തമാക്കി. 27 പദ്ധതികൾ പൂർത്തീകരിച്ചു. പദ്ധതിക്ക് ആകെ ചെലവ് 1385 കോടി രൂപയാണ്. കൊവിഡ് കാലമുണ്ടാക്കിയ തടസങ്ങൾക്കിടയിലും പദ്ധതി വിജയകരമായി നടപ്പാക്കാനായി എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് 15-ാമത് അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസ് സംഘടിപ്പിച്ചത്. ഇതില്‍ കൊച്ചി മെട്രോ, ജല മെട്രോ എന്നിവയുൾപ്പെടെ സംയോജിത ഗതാഗത സംവിധാനത്തിന്‍റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന നഗരമെന്ന നിലയിലാണ് കൊച്ചിയെ ഇത്തവണ കോൺഫറൻസിനായി തെരഞ്ഞെടുത്തത്.
കോണ്‍ഫറന്‍സില്‍ ആരൊക്കെ: സമ്മേളനത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ, രാജ്യത്തെ വിവിധ മെട്രോകളുടെ മാനേജിങ് ഡയറക്‌ടർമാർ, ഗതാഗത മേഖലയിലെ അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധേയരായ വിദഗ്‌ധർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. പത്ത് സാങ്കേതിക സെഷനുകൾ, അഞ്ച് റൗണ്ട് ടേബിൾ സെഷനുകൾ, ഒരു കോൺക്ലേവ്, രണ്ട് പ്ലീനറി സെഷനുകൾ, എട്ട് ഗവേഷണ സിംപോസിയങ്ങൾ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. മെട്രോ കമ്പനികൾ, ലോക ബാങ്ക്, എഡിബി, സ്വകാര്യ കമ്പനികൾ തുടങ്ങിയവർ പങ്കെടുക്കും. നഗരഗതാഗത മേഖലയിൽ മികവ് പുലർത്തിയ വിവിധ നഗരങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ കോൺഫറൻസിൽ വിതരണം ചെയ്യും. മറ്റന്നാള്‍ (നവംബർ ആറിന്) അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസ് സമാപിക്കും.