കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് ജസ്‌റ്റിസുമാരായ എസ് വി ഭാട്ടി, ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചാണ് പരിഗണിക്കുന്നത്. കോടതി നിയോഗിച്ച നിരീക്ഷണ സമിതി കഴിഞ്ഞ ദിവസം ബ്രഹ്മപുരം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇതിന്‍റെ റിപ്പോർട്ടടക്കം കോടതി പരിശോധിക്കും. ശുചിത്വ മിഷൻ ഡയറക്‌ടർ, തദ്ദേശ ഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ, ജില്ല കലക്‌ടർ, മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻവയോൺമെന്‍റൽ എഞ്ചിനീയർ, കോർപറേഷൻ സെക്രട്ടറി, കെൽസ സെക്രട്ടറി എന്നിവരുൾപ്പെട്ടതാണ് സമിതി. നിലവിലെ സ്ഥിതിഗതികളും സ്വീകരിച്ച നടപടികളും കോർപറേഷനും, ജില്ല കലക്‌ടറും റിപ്പോർട്ടായി സമർപ്പിക്കും.
കോടതി നിർദേശ പ്രകാരം മാലിന്യ നീക്കം പുനരാരംഭിച്ചിരുന്നു. എത്രനാൾ ജനങ്ങൾ വിഷപ്പുക സഹിക്കണമെന്നതുൾപ്പടെയുള്ള ചോദ്യങ്ങൾ കോടതി വിമർശന സ്വരത്തിൽ ഉന്നയിച്ചിരുന്നു. മാലിന്യനീക്കം തടസപ്പെട്ടത് മൂലവും, പുക കാരണവും ജനങ്ങൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാകണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്. ഖര-മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട കർമ്മ പദ്ധതി അഡീഷണൽ ചീഫ് സെക്രട്ടറി കോടതി മുൻപാകെ ഇന്ന് സമർപ്പിച്ചേക്കും. ബ്രഹ്മപുരത്തെ അവസ്ഥ മോശമെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് നേരത്തെ ഹൈക്കോടതിയെ അറിയിച്ചത്.
പുകയണയാത്ത 12 ദിവസങ്ങൾ : ബ്രഹ്മപുരത്തെ പുകയണയ്‌ക്കാനുള്ള ശ്രമം ആരംഭിച്ചിട്ട് 12 ദിവസങ്ങളായി. ജില്ല ഭരണകൂടം അറിയിച്ചത് പ്രകാരം 95 % പ്രദേശത്തെ തീയും പുകയും അണയ്ക്കാൻ സാധിച്ചിട്ടുണ്ട്. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും അഗ്നിരക്ഷ യൂണിറ്റുകളും നിലവിൽ തീ ഉള്ള സ്ഥലത്തേക്ക് മാത്രമായി ചുരുക്കിയിരിക്കുകയാണ്.
വൈറ്റില മേഖലയിൽ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ രണ്ട് മൊബൈൽ മെഡിക്കല്‍ യൂണിറ്റുകള്‍ തിങ്കളാഴ്‌ച മുതൽ പ്രവർത്തനം ആരംഭിക്കും. രണ്ടാഴ്‌ചയടുത്തായി പുക നിലനിൽക്കുന്ന സാഹചര്യത്തിൽ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ നിരീക്ഷിക്കുന്നതിനും, വൈദ്യ സഹായം ലഭ്യമാക്കുന്നതിനുമാണ് മൊബൈൽ മെഡിക്കല്‍ യൂണിറ്റുകളെ ഉപയോഗിക്കുക.
പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും അടഞ്ഞുതന്നെ കിടക്കും. എന്നാൽ ബ്രഹ്മപുരം പ്രശ്‌നത്തിന്‍റെ പശ്ചാത്തലത്തില്‍ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിവയ്ക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇന്നലെ അറിയിച്ചിരുന്നു. നിലവിൽ ഒരു പ്രശ്‌നവും ഇല്ലാതെയാണ് പരീക്ഷകൾ നടക്കുന്നത് എന്നും കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. തിങ്കളാഴ്‌ച മുതൽ ഒന്നുമുതൽ ഒമ്പത് വരെയുള്ള വിദ്യാർഥികളുടെ പരീക്ഷ ആരംഭിക്കും. നിലവിൽ കുട്ടികൾക്ക് പരാതിയോ ബുദ്ധിമുട്ടോ ഉണ്ടായിട്ടില്ലെന്നും പരീക്ഷയുടെ നടത്തിപ്പ് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രതിഷേധവുമായി പ്രമുഖർ: കൊച്ചിയിലെ അതിരൂക്ഷമായ പാരിസ്ഥിതിക പ്രശ്‌നത്തിൽ പ്രതിഷേധമുയര്‍ത്തി പ്രമുഖർ രംഗത്ത് വന്നിരുന്നു. ‘ഷൂട്ടിങ്ങ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മുതൽ നല്ല ചുമ. ക്രമേണ അത് ശ്വാസംമുട്ടലായി. ഇന്നലെ ഷൂട്ടിങ്ങിന് വയനാട്ടിലെത്തിയിട്ടും ചുമ മാറിയില്ല. ഇപ്പോഴും ശ്വാസംമുട്ടലുണ്ട്. കൊച്ചിയിലും പരിസരത്തും മാത്രമല്ല പ്രശ്നം. സമീപ ജില്ലകൾ പിന്നിട്ട് ഇത് വ്യാപിക്കുകയാണ്. വലിയ അരക്ഷിതാവസ്ഥയാണിത് ’ - നടൻ മമ്മൂട്ടി ആശങ്ക പങ്കിട്ടു.
'കൊവിഡിനേക്കാൾ ഭീകരമായ ദുരന്തമാണ് ഇത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി രാവും പകലുമില്ലാതെ ബ്രഹ്മപുരത്തെ തീയണയ്ക്കാൻ ആളുകൾ കഷ്‌ടപ്പെടുന്നു. ഈ കാഴ്‌ച ഭീകരമാണ്. ഇത്ര വലിയ തോതിൽ ഒരു ദുരന്തം സംഭവിച്ചാൽ അതിനെ എങ്ങനെ നേരിടണമെന്ന് നമുക്ക് അറിയില്ല' - നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ പ്രതികരിച്ചു. ബ്രഹ്മപുരത്തെ പ്രശ്‌നത്തിന് കാരണം അഴിമതിയോടുള്ള സ്‌നേഹമാണെന്നായിരുന്നു നടൻ ശ്രീനിവാസന്‍റെ പ്രതികരണം.