കൊച്ചി: നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കുറ്റം ചുമത്തുന്നതിന്റെ ഭാഗമായി പ്രതികൾക്കെതിരായ കുറ്റപത്രം ഇന്ന് വായിച്ച് കേൾപ്പിക്കും. ദിലീപ് ഉൾപ്പടെ മുഴുവൻ പ്രതികളും കോടതിൽ ഹാജരാകണമെന്ന് കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. എട്ടാം പ്രതി ദിലീപിന്റെ വിടുതൽ ഹർജി തള്ളിയതിന് പിന്നാലെയാണ് പ്രതികൾക്കെതിരായ കുറ്റം ചുമത്തുന്ന നടപടികളിലേക്ക് കോടതി കടക്കുന്നത്. കുറ്റം ചുമത്തുന്നതിന് മുമ്പുള്ള പ്രോസിക്യൂഷന്റെ പ്രാഥമിക വാദം നേരത്തെ പൂർത്തിയാക്കിയിരുന്നു.
പ്രതികളിൽ ദിലീപിന്റെ അഭിഭാഷകൻ മാത്രമാണ് കുറ്റം ചുമത്തുന്നതിന് മുമ്പുള്ള പ്രാഥമിക വാദം നടത്തിയത്. മറ്റ് പ്രതികൾ പ്രാഥമിക വാദം ആവശ്യമില്ലെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. വിടുതൽ ഹർജിയുമായി മേൽക്കോടതിയെ സമീപിക്കാൻ പത്ത് ദിവസത്തെ സമയം അനുവദിക്കാൻ ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആറ് മാസത്തിനുളളിൽ വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീം കോടതി നിർദേശമുള്ളതിനാൽ സമയം നൽകാനാവില്ലെന്ന് വിചാരണ കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം വിടുതൽ ഹർജി, വിചാരണ കോടതി തള്ളിയ സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ തീരുമാനം. ഇന്ന് ഹൈക്കോടതിയിൽ വിടുതൽ ഹർജി സമർപ്പിക്കാനാണ് സാധ്യത.