എറണാകുളം: കൊച്ചി കറുകപ്പള്ളിയിലെ ലോഡ്‌ജിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ അമ്മയുടെ സുഹൃത്ത് കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പൊലീസ് (Kochi one month old child death in lodge). കുഞ്ഞിനെ പ്രതി ക്രൂരമായി ശാരീരിക ഉപദ്രവം ഏൽപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ചേർത്തല സ്വദേശിയായ അശ്വതിയുടെ കുഞ്ഞിനെയാണ് സുഹൃത്തായ കണ്ണൂർ സ്വദേശി ഷാനിഫ് കൊലപ്പെടുത്തിയത്.
കൃത്യത്തിൽ അമ്മയായ അശ്വതിക്കും പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ആസൂത്രിതമായാണ് പ്രതികൾ കൃത്യം നടത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായെന്ന് പൊലീസ് പറയുന്നു. സമൂഹ മാധ്യമത്തിലൂടെയാണ് അശ്വതിയും ഷാനിഫും സൗഹൃദത്തിലായത്. തുടർന്ന് ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു.
അശ്വതി മുൻപേ വിവാഹിതയായിരുന്നു. ഈ വിവാഹ ബന്ധത്തിലുണ്ടായ കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്ന് പ്രതി ഷാനിഫ് പൊലീസിനോട് പറഞ്ഞു. തങ്ങളുടെ ഭാവി ജീവിതത്തിന് കുഞ്ഞ് ഇല്ലാതാകേണ്ടത് അനിവാര്യമാണെന്ന് ഷാനിഫ് അശ്വതിയെ ധരിപ്പിച്ചിരുന്നു. തുടർന്ന് കുഞ്ഞിനെ കൊലപ്പെടുത്താൻ അശ്വതിയും കൂട്ടുനിൽക്കുകയായിരുന്നു.
കൊടും ക്രൂരത: ചെറിയ മുറിവുകൾ ഏൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. ചെറിയ മുറിവുകൾ വരുത്തിയാൽ ന്യൂമോണിയ ബാധയുണ്ടാകുമെന്നും ചികിത്സയിലിരിക്കെ മരിച്ചാൽ കൊലപാതകമെന്ന് വ്യക്തമാകില്ലെന്നുമായിരുന്നു പ്രതിയുടെ കണക്കുകൂട്ടൽ. കുഞ്ഞിൻ്റെ വാരിയെല്ലുകൾക്ക് പൊട്ടലുണ്ടാക്കുകയും ചെയ്‌തിരുന്നു.
ജനിച്ചത് മുതൽ കുഞ്ഞിനോടുള്ള ക്രൂരതകൾ തുടങ്ങിയിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അമ്മയും സുഹൃത്തും ഈ മാസം ഒന്നാം തിയതി കലൂരിലെ കറുകപ്പള്ളിയിലെ ലോഡ്‌ജിൽ മുറിയെടുത്തത്. ഞായറാഴ്‌ച പുലർച്ചെ കാൽമുട്ട് കൊണ്ട് കുഞ്ഞിന്‍റെ തലയ്ക്കിടിക്കുകയായിരുന്നു. കുഞ്ഞിന്‍റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു.
ഞായറാഴ്‌ച രാവിലെ 8:30ഓടെ അനക്കമില്ല എന്ന് പറഞ്ഞാണ് ഇരുവരും ചേർന്ന് കുഞ്ഞിനെ ജനറൻ ആശുപത്രിയിലെത്തിച്ചത്. സംശയത്തെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് എളമക്കര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കുഞ്ഞിന്‍റെ അമ്മ അശ്വതിയെയും സുഹൃത്ത് ഷാനിഫിനെയും കസ്റ്റഡിയിൽ എടുത്തു.
അറസ്റ്റ് രേഖപ്പെടുത്തി: കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ അശ്വതിയുടെയും സുഹൃത്തായ ഷാനിഫിന്‍റെയും അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞ് മരിച്ച ലോഡ്‌ജിൽ ഫോറൻസിക് വിഭാഗവും ഇന്ന് പരിശോധന നടത്തും.
കസ്റ്റഡിയിലുള്ള അമ്മയെയും സുഹൃത്തിനെയും ചോദ്യം ചെയ്‌ത് വരികയാണ്. അബദ്ധത്തിൽ കുഞ്ഞ് താഴെ വീണുവെന്നാണ് ആദ്യം പ്രതി ഷാനിഫ് മൊഴി നൽകിയെതെങ്കിലും വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. അതേസമയം, കൊലപാതകത്തിൽ തനിക്ക് പങ്കില്ലന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അമ്മ അശ്വതി.